തൃശൂർ: തുടർഭരണത്തിനെതിരെ നിലപാടെടുത്ത കവിയും കേരള സാഹിത്യ അക്കാദമി ചെയര്‍മാനുമായ കെ. സച്ചിദാനന്ദനുമായി കൂടിക്കാഴ്ച നടത്തി സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൽ ഖാദർ. സച്ചിദാനന്ദന്റെ വീട്ടിലെത്തിയാണ് കൂടിക്കാഴ്ച.
സാഹിത്യ അക്കാദമി ഉപാധ്യക്ഷൻ അശോകൻ ചരുവിലും അബ്ദുൽ ഖാദറിന് ഒപ്പമുണ്ടായിരുന്നു. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിലായിരുന്നു കൂടിക്കാഴ്ചയെന്നും ദൗത്യവുമായിട്ടല്ല സച്ചിമാഷേ കണ്ടതെന്നും കെ.വി. അബ്ദുള്‍ ഖാദര്‍ പ്രതികരിച്ചു.
"കേരളത്തിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് ഉദ്ദേശിച്ചല്ല താൻ അക്കാര്യം പറഞ്ഞതെന്നാണ് കെ. സച്ചിദാനന്ദൻ പറഞ്ഞത്. കേരളത്തിലെ ഇടത് മൂല്യം അറിയാത്ത ആളല്ല അദ്ദേഹം. സച്ചിദാനന്ദൻ പാര്‍ട്ടി അംഗമല്ല. അദ്ദേഹത്തിന് വിമർശിക്കാൻ അവകാശമുണ്ട് എന്നാണ് ഞങ്ങൾ കാണുന്നത്. സച്ചി മാഷുമായുള്ള കൂടിക്കാഴ്ച ഊഷ്മളമായിരുന്നു. സച്ചിമാഷ് ഏറ്റവും പ്രിയപ്പെട്ടയാളാണ്. പാർട്ടി ജില്ലാ നേതൃത്വത്തിന് എപ്പോള്‍ വേണമെങ്കിലും സച്ചി മാഷെ കാണാം. സച്ചിമാഷിന്റെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ വിവാദം അടഞ്ഞ അധ്യായമാണ്'.-കെ.വി. അബ്ദുള്‍ ഖാദര്‍ പറഞ്ഞു.
അതേസമയം, താൻ പറഞ്ഞ കാര്യങ്ങളുടെ യാഥാർഥ്യം മനസിലാക്കാൻ സൈബറിടങ്ങളിലെ ആൾക്കൂട്ടത്തിന് കഴിഞ്ഞില്ല. ഫാസിസത്തിനെതിരെ കടുത്ത നിലപാട് സ്വീകരിക്കുന്ന ആളാണ് താൻ. ഇതൊന്നും മനസിലാകാത്തവരോട് മറുപടി പറയേണ്ടി വരുന്നതിൽ ലജ്ജ തോന്നുന്നെന്നും ഫേസ്ബുക്കിൽ കെ. സച്ചിദാനന്ദൻ കുറിച്ചു.
Tags : CPM leaders meeting poet Sachithanandan