തൃശൂർ: വാഹനാപകടത്തിൽ ഇതരസംസ്ഥാന തൊഴിലാളി മരിച്ച സംഭവത്തിൽ വ്യാജ ഇൻഷ്വറൻസ് പോളിസി ഹാജരാക്കിയവർക്കെതിരേ അന്വേഷണം.
ഛത്തീസ്ഗഡ് സ്വദേശികളായ ആനന്ദ് നായിക്, സന്ദീപ് റാം എന്നിവരെ 2023 മേയ് അഞ്ചിന് രാത്രി പേരാമംഗലം സ്റ്റേഷൻ പരിധിയിലുള്ള പുത്തിശേരിയിലാണ് ഇന്നോവ കാർ ഇടിച്ചുതെറിപ്പിച്ചത്. ആനന്ദ് നായിക് പിന്നീടു മരിച്ചു.
പേരാമംഗലം പോലീസ് കസ്റ്റഡിയിലെടുത്ത വാഹനം പിന്നീട് യുണൈറ്റഡ് ഇന്ത്യ ഇൻഷ്വറൻസ് കമ്പനിയുടെ പേരിലുള്ള വ്യാജ പോളിസി നൽകിയാണ് കൊണ്ടുപോയത്. കമ്പനിയെ എതിർകക്ഷിയാക്കി തൃശൂർ എംഎസിടി കോടതിയിൽ 33 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ആനന്ദ് നായിക്കിന്റെ ബന്ധുക്കൾ ഹർജി നൽകിയതോടെയാണ് പോളിസി വ്യാജമാണെന്നു ബോധ്യമായത്.
കമ്പനി പ്രതിനിധി ജോർജ് തട്ടിൽ കഴിഞ്ഞ ജനുവരി ഒന്നിനു സിറ്റി പോലീസ് കമ്മീഷണർക്കു രണ്ടുവട്ടം പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഡിഐജി ഹരിശങ്കറിനു നലകിയ പരാതിയിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഇൻഷ്വറൻസ് വ്യാജമായതിനാൽ കേസിന്റെ വിചാരണ നിർത്തിവച്ചുള്ള അന്വേഷണത്തിനാണ് നിർദേശം.
വർക്ക്ഷോപ്പിൽനിന്ന് ഇന്നോവയുമായി ജെനക്സ് ജോയി എന്നയാൾ പോയപ്പോഴാണ് അപകടമുണ്ടായത്. ജെനക്സിനെ കൂടാതെ വാഹനയുടമ തൃശൂർ സ്വദേശി ദിലീപ്, പോളിസിയുണ്ടാക്കാൻ സഹായിച്ചെന്നു പറയപ്പെടുന്ന തൃശൂർ സ്വദേശിയും ഇപ്പോൾ ഹരിയാനയിൽ താമസിക്കുന്നയാളുമായ സുഹാസ് എന്നിവരടക്കം മൂന്നുപേർക്കെതിരേയാണ് അന്വേഷണം.
ഇൻഷ്വറൻസ് കമ്പനിയുടെ അന്വേഷണത്തിൽ ഇന്നോവ കാറിന്റെ അതേ രജിസ്ട്രേഷൻ നമ്പറിൽ ഡൽഹിയിൽ ബൈക്ക് ഉണ്ടെന്നും കണ്ടെത്തിയിരുന്നു. ഡൽഹി രജിസ്ട്രേഷനുള്ള ഇന്നോവ കാറിന്റെ നമ്പറാണ് ഒറിജിനലെന്നും മോട്ടോർ സൈക്കിളിന്റെ നമ്പർ വ്യാജമാണെന്നും തെളിഞ്ഞു.
ഇന്നോവ കാറിന്റെ പോളിസി 2019 ഓഗസ്റ്റ് അഞ്ചിന് കഴിഞ്ഞതാണ്. കേരളത്തിലേക്കു രജിസ്ട്രേഷൻ മാറ്റിയുമില്ല. വാഹനം അപകടത്തിൽപ്പെട്ടതോടെ വ്യാജമായി ഇൻഷ്വറൻസ് പോളിസിയുണ്ടാക്കി പോലീസ് സ്റ്റേഷനിൽ ഹാജരാക്കുകയായിരുന്നു.
Tags : Death in car crash insurance policy fake insurance policy Investigation