പുത്തൂർ (തൃശൂർ): സുവോളജിക്കൽ പാർക്കിൽ വൻ സുരക്ഷാവീഴ്ച. പത്തു മാനുകൾ കൂട്ടത്തോടെ ചത്തു. തെരുവുനായ്ക്കൾ ആക്രമിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് അന്വേഷിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡനോട് വനം മന്ത്രി എ.കെ. ശശീന്ദ്രൻ നിർദേശിച്ചു.
ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി. കൃഷ്ണൻ, ഫോറസ്റ്റ് വിജിലൻസ് സിസിഎഫ് ജോർജ് പി. മാത്തച്ചൻ, ചീഫ് വെറ്ററിനറി ഡോക്ടർ അരുൺ സക്കറിയ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണസമിതി രൂപീകരിച്ചു. നാലുദിവസത്തിനകം പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കാനും രണ്ടാഴ്ചയ്ക്കകം അന്തിമ റിപ്പോർട്ട് സമർപ്പിക്കാനും നിർദേശം നൽകിയിട്ടുണ്ട്.
ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തു പരിശോധന നടത്തി. വിവിധ വിഭാഗത്തിൽപ്പെട്ട അറുപതോളം മാനുകളാണ് സുവോളജിക്കൽ പാർക്കിലുള്ളത്.
ഇതിൽ പത്തു പുള്ളിമാനുകളാണു ചത്തത്. ഇതിൽ ഒന്പതു പുള്ളിമാനുകളാണ് ബാക്കിയുള്ളത്. കലമാൻ വിഭാഗത്തിലും മ്ലാവ് വിഭാഗത്തിലും ഇരുപതെണ്ണം വീതമുണ്ട്. ഇതിൽ ഒരു മ്ലാവ് പ്രസവിച്ച മൂന്നു കുട്ടികളും പുള്ളിമാൻ പ്രസവിച്ച നാലു കുട്ടികളുമുണ്ട്.
മാനുകളുടെ ആവാസയിടത്തിനുചുറ്റും മൂന്നുമീറ്റർ ഉയരത്തിൽ മുള്ളുകമ്പിവേലി കെട്ടിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ തെരുവുനായ്ക്കൾ കടക്കാൻ സാധ്യതയില്ലെന്നാണ് പാർക്ക് അധികൃതർ നൽകുന്ന വിശദീകരണം. പക്ഷേ, നേരത്തേ ഒട്ടകപ്പക്ഷിയുടെ ആവാസയിടത്തിലേക്കു തെരുവുനായ്ക്കൾ കടന്നിരുന്നു. ഇതേത്തുടർന്ന് ഒട്ടകപ്പക്ഷിയുടെ ആവാസയിടത്തിനുചുറ്റും വല അടിച്ചിരുന്നു.
പുത്തൂർ(തൃശൂർ): സുവോളജിക്കൽ പാർക്കിലെ മാനുകൾ ചത്തത് പട്ടികളെ കണ്ടുള്ള ഷോക്ക് മൂലമാണെന്ന് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമികനിഗമനം.
പല മാനുകളുടെയും കൈകാലുകൾക്കാണ് കടിയേറ്റിരിക്കുന്നത്. പോസ്റ്റ്മോർട്ടത്തിനുശേഷം മാനുകളെ കൂട്ടത്തോടെ സംസ്കരിച്ചു.
പാർക്കിൽ പക്ഷിമൃഗാദികളെ പാർപ്പിച്ചിരിക്കുന്ന ഇടങ്ങളിൽ നിരീക്ഷണകാമറ സ്ഥാപിക്കാത്തതു തിരിച്ചടിയായിരിക്കുകയാണ്. മാനുകളെ പാർപ്പിച്ചിരിക്കുന്ന കൂടിന്റെ മുകളിൽകൂടി പട്ടികൾ ചാടിക്കടന്നതാകാമെന്നാണ് നിഗമനം.
Tags : Puthur Zoological Park Deer death stray dogs