ചേർത്തല: മലയാള നാടകരംഗത്തെ സര്ഗശോഭയാര്ന്ന നടനവൈഭവം മുട്ടം ജോസ് (76) വിടവാങ്ങി. മലയാള പ്രഫഷണൽ നാടക രംഗത്ത് അറുപത്തിഅഞ്ച് വർഷക്കാലം ജീവനുറ്റ കഥാപാത്രങ്ങളിലൂടെ നാടകാസ്വാദകരുടെ ഹൃദയം കവര്‍ന്നു.
കൊച്ചിൻ നാടകവേദിയിൽ കുയിലൻ, ആലപ്പി തിയറ്റേഴ്സിലെ സെയ്ത്താൻ ജോസഫ് എന്നിവരോടൊപ്പം മത്സരിച്ചഭിനയിച്ച ഇദ്ദേഹം വിശുദ്ധ പത്രോസ് എന്ന ബൈബിൾ നടകത്തിലെ നീറോ സീസറിനെ അനശ്വരമാക്കി. കൊച്ചിൻ നാടകവേദിയുടെ കാൽവരിയിലെ കള്ളന്മാരിൽ കുയിലനും ജോസും രണ്ടു കള്ളന്മാരായി തകർത്തഭിനയിച്ചു കൈയടി വാങ്ങി.
കോട്ടയം നാഷണൽ തീയറ്റേഴ്സ്, വൈക്കം വിപഞ്ചിക, ചങ്ങനാശേരി ഗീഥ, ചേർത്തല ഷൈലജ തുടങ്ങിയവയുടെ ഒട്ടനവധി സാമൂഹ്യ നടകങ്ങളിൽ മുഖ്യവേഷത്തിൽ തിളങ്ങി. ആലപ്പി തിയറ്റേഴ്സിന്റെ ബൈബിള്‍ നാടകങ്ങളിലെ അവിസ്മരണീയ കഥാപാത്രങ്ങളായും വിവിധ നാടക സംഘങ്ങളിലൂടെ അവതരിപ്പിച്ച വൈവിധ്യമാര്‍ന്നതും ഉജ്വലവുമായ കഥാപാത്രങ്ങളിലൂടെയും ഘനഗാംഭീര്യമാര്‍ന്ന ശബ്ദ സൗകുമാര്യത്തിലൂടെയും നാടകാസ്വാദകരുടെ മനം കവര്‍ന്ന പ്രതിഭയായിരുന്നു മുട്ടം ജോസ്.
തന്റെ അവസാനനാളുകളില്‍ ചേര്‍ത്തല മുട്ടം കേന്ദ്രീകരിച്ച് ഗലീലീയ എന്നപേരില്‍ നാടകസമിതി രൂപീകരിച്ച് ഇക്തസ് എന്ന് നാടകം രചിച്ച്, സംവിധാനം ചെയ്യുകയും അതിലെ പ്രധാനകഥാപാത്രം കൈയാഫാസായി വേഷമിട്ട് കൈയടി നേടുകയും ചെയ്തു. ഭാര്യ: പരേതയായ തങ്കമ്മ കുരിപ്പള്ളി. മക്കൾ: ജീവൻ, ജിബി, ജിസ്, ജിനു, ജിന്റു. സംസ്കാരം നടത്തി.
Tags : Drama genius Muttam Jose died