മലപ്പുറം: ലക്ഷദ്വീപിൽ വിനോദസഞ്ചാരത്തിന് പോയി തിരികെ വരാൻ യാത്രാ സൗകര്യങ്ങൾ ലഭ്യമാകാതെ ഒരാഴ്ചയോളം അവിടെ കുടുങ്ങിയ എറണാകുളം സ്വദേശികളായ വിനോദസഞ്ചാരികളെ തിരികെ നാട്ടിലെത്തിക്കാൻ പി.പി. സുനീർ എംപിയുടെ ഇടപെടൽ ഫലം കണ്ടു.
ഇവർക്കായി അടിയന്തര യാത്രാസൗകര്യങ്ങൾ ഏർപ്പെടുത്താൻ ആവശ്യപ്പെട്ട് ദ്വീപ് ഭരണകൂടത്തിലെ പോർട്ട് ഷിപ്പിംഗ് ആൻഡ് ഏവിയേഷൻ ഡയറക്ടർക്കു സുനീർ എംപി കത്തയച്ചതോടെ നാലു സ്ത്രീകൾ ഉൾപ്പെടെ എട്ടുപേർക്കും തിരികെ നാട്ടിലേക്ക് യാത്രയ്ക്കുള്ള ഏർപ്പാടായതായി എംപിയുടെ ഓഫീസ് അറിയിച്ചു.
എറണാകുളം തൃപ്പുണിത്തറ, പട്ടിമറ്റം, ഇടപ്പള്ളി എന്നിവിടങ്ങളിൽ നിന്നുള്ള സ്ത്രീകളും വയോധികരും ഉൾപ്പടെയുളള വിനോദയാത്രാ സംഘമാണ് ഒരാഴ്ചയോളം തിരിച്ചുവരാൻ യാത്രാസംവിധാനങ്ങളില്ലാതെ ബുദ്ധിമുട്ടിയത്. നിശ്ചയിച്ച ദിവസം തിരികെ വരാൻ കഴിയാത്തതിനാൽ പലരുടെയും മരുന്നുകൾ ഉൾപ്പെടെ തീർന്ന് ആരോഗ്യത്തെ ബാധിക്കുന്ന സാഹചര്യം നേരിട്ടിരുന്നു.
ലക്ഷദ്വീപിലേക്കു വിമാന മാർഗം പോയ ഇവരെ തിരികെ കൊണ്ടുവരാമെന്ന് ഏറ്റ കപ്പൽ ഏജൻസിക്കാർ യാത്ര റദ്ദാക്കിയതോടെയാണ് ബദൽ യാത്രാമാർഗങ്ങളില്ലാതെ ഇവർ ലക്ഷദ്വീപിൽ കുടുങ്ങിയത്. ഇതോടെ യാത്രാസംഘം നാട്ടിലെ ഇടതുപക്ഷ പൊതുപ്രവർത്തകർ മുഖേന പി.പി. സുനീർ എംപിയെ സമീപിക്കുകയായിരുന്നു.
Tags : Lakshadweep return home