തൃപ്പൂണിത്തുറ: കമ്യൂണിസ്റ്റ് പാർട്ടിയുടെ പൊന്നാപുരം കോട്ടയായിരുന്ന തൃപ്പൂണിത്തുറ നിയോജകമണ്ഡലത്തിൽ ആറു വട്ടം വെന്നിക്കൊടി പാറിച്ചു ചരിത്രം കുറിച്ച കെ. ബാബു തെരഞ്ഞെടുപ്പ് മത്സരത്തോടു വിട പറയുമ്പോൾ തിരശീല വീഴുന്നത് മൂന്നു പതിറ്റാണ്ടു നീണ്ട രാഷ്ട്രീയപോരാട്ടത്തിന്.
1991ൽ തൃപ്പൂണിത്തുറയിൽ കോൺഗ്രസ് പുതുമുഖ സ്ഥാനാർഥിയായെത്തി അട്ടിമറി വിജയം നേടിയ അദ്ദേഹം മണ്ഡലത്തിലെ അനിഷേധ്യ നേതാവായി വളരുന്നതാണ് രാജനഗരി പിന്നീടു കണ്ടത്. നാട്ടിലെ പൊതുചടങ്ങുകളിലും സ്വകാര്യ ചടങ്ങുകളിലും സജീവ സാന്നിധ്യമായിരുന്ന കെ. ബാബു അന്നുമുതൽ തൃപ്പൂണിത്തുറയുടെ ജീവനാഡിയായി മാറുകയായിരുന്നു.
മൂന്നു പതിറ്റാണ്ടിനിടെ ഏഴു നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മത്സരിച്ച് ആറിലും ജയിച്ചു. 1991ലും 1996ലും 2001ലും 2006ലും 2011ലുമായി തുടർച്ചയായി അഞ്ചു വിജയങ്ങൾ. ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ എക്സൈസ്, തുറമുഖ, ഫിഷറീസ് മന്ത്രിയായിരുന്നു.
മന്ത്രിപദത്തിലിരിക്കേ വിവാദങ്ങളിൽപ്പെട്ട അദ്ദേഹം 2016ലെ തെരഞ്ഞെടുപ്പിൽ പരാജയം രുചിച്ചു. അത്തവണ എം. സ്വരാജിനോടു തോറ്റെങ്കിലും 2021ൽ എം. സ്വരാജിനെത്തന്നെ തോൽപ്പിച്ച് മണ്ഡലം വീണ്ടെടുത്തശേഷമാണ് മത്സരത്തിൽനിന്ന് ഇനി മാറിനിൽക്കുന്നത്.
വീണ്ടും മത്സരിക്കണമെന്ന് കോണ്‍ഗ്രസിലെ പല നേതാക്കളും ആവശ്യപ്പെട്ടെങ്കിലും ഇനി മത്സരിക്കാനില്ലെന്ന് അദ്ദേഹം കഴിഞ്ഞദിവസം പത്രസമ്മേളനം വിളിച്ച് അറിയിച്ചിരുന്നു. സ്ഥാനാര്‍ഥിയായി ആരേയും മുന്നോട്ടുവയ്ക്കാനില്ലെന്നും അതു പാര്‍ട്ടി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, യുഡിഎഫ് ജില്ലാ ചെയര്മാന് ഡൊമിനിക് പ്രസന്റേഷന് എന്നിവര്‍ക്കൊപ്പം നടത്തിയ പത്രസമ്മേളനത്തിലാണ് കെ. ബാബു മത്സരരംഗത്തുനിന്നു മാറിനില്‍ക്കുന്ന കാര്യം അറിയിച്ചത്.
Tags : K. Babu communist Party K. Babu MLA