കാസർഗോഡ്: ഹൃദയാഘാതം മൂലം ഗുരുതരാവസ്ഥയിലാകുന്നവർക്ക് അടിയന്തര ജീവൻരക്ഷാ സഹായം ഉറപ്പുവരുത്തുന്നതിനായി സംസ്ഥാന മെഡിക്കൽ സർവീസസ് കോർപറേഷനു കീഴിലുള്ള കനിവ് 108 ആംബുലൻസുകളിൽ ഓട്ടോമേറ്റഡ് എക്സ്റ്റേണൽ ഡീഫൈബ്രിലേറ്റർ (എഇഡി) സംവിധാനം നിർബന്ധമാക്കുന്നു. മറ്റ് എമർജൻസി സർവീസ് വാഹനങ്ങളിലും എഇഡി സംവിധാനം ഉൾപ്പെടുത്തുന്നത് ഉചിതമായിരിക്കുമെന്ന് ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് ഇതുസംബന്ധിച്ച് വിവരാവകാശ പ്രവർത്തകനായ എം.വി. ശില്പരാജ് നൽകിയ അപേക്ഷയ്ക്കുള്ള മറുപടിയിൽ ആരോഗ്യവകുപ്പ് വ്യക്തമാക്കി.
വിദേശരാജ്യങ്ങളിൽ ആംബുലൻസുകളിൽ ഈ സംവിധാനം സാർവത്രികമാണെങ്കിലും കേരളത്തിൽ ഇനിയും കാര്യമായി ഉപയോഗിച്ചുതുടങ്ങിയിട്ടില്ലെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് ശില്പരാജ് അപേക്ഷ സമർപ്പിച്ചത്. കനിവ് 108 ആംബുലൻസ് പദ്ധതിയിലേക്ക് വാഹനങ്ങൾ വാങ്ങാൻ പുതിയ ടെൻഡർ വിളിക്കുമ്പോൾ അവയിൽ എഇഡി നിർബന്ധമാക്കിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പിന്റെ മറുപടിയിൽ അറിയിച്ചു.
ഒരു ഉപകരണത്തിന് ഒന്നര ലക്ഷത്തോളം രൂപയാണ് ചെലവു വരുന്നത്. നിലവിലുള്ള മറ്റ് ആംബുലൻസുകളിലും എഇഡി സ്ഥാപിക്കുന്നത് ഉചിതമായിരിക്കുമെന്ന് നിർദേശിച്ചിട്ടുണ്ട്. കാസർഗോഡ് ജില്ലയിൽ ഈ പദ്ധതി നടപ്പിലാക്കുന്നതിനുള്ള ഫണ്ട് കണ്ടെത്തുന്നതിനായി എല്ലാ തദ്ദേശ സ്ഥാപനങ്ങൾക്കും കത്ത് നൽകിയിട്ടുണ്ടെന്നും ബന്ധപ്പെട്ടവർ അറിയിച്ചതായി ശില്പരാജ് പറഞ്ഞു.
ഹൃദയാഘാത മരണങ്ങൾ കൂടിവരുന്ന സാഹചര്യത്തിൽ അതു തടയാൻ ഏറ്റവും പ്രയോജനകരമെന്ന് തെളിഞ്ഞിട്ടുള്ള ഒരു ഉപകരണത്തിന്റെ പ്രാധാന്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ പെടുത്താനാണ് താൻ വിവിധ തലങ്ങളിലായി അപേക്ഷ നൽകിയതെന്ന് ശില്പരാജ് പറഞ്ഞു. ചീമേനി ചെമ്പ്രകാനം സ്വദേശിയായ ശില്പരാജ് എംഎസ്ഡബ്ല്യു ബിരുദധാരിയും പൊതുപ്രവർത്തകനും അഗ്നിരക്ഷാസേനയുടെ സിവിൽ ഡിഫൻസ് വോളന്റിയറുമാണ്.
എഇഡി നിസാരക്കാരനല്ല
പെട്ടെന്ന് ഹൃദയമിടിപ്പ് നിലയ്ക്കുന്ന സാഹചര്യങ്ങളിൽ ചെറിയ അളവിലുള്ള വൈദ്യുതിയുടെ സഹായത്തോടെ ഹൃദയമിടിപ്പ് വീണ്ടെടുക്കാൻ സഹായിക്കുന്ന ഉപകരണമാണ് എഇഡി. സാധാരണക്കാർക്കുപോലും എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുന്ന വിധത്തിലാണ് ഇത് രൂപകല്പന ചെയ്തിട്ടുള്ളത്. ഹൃദയാഘാതമുണ്ടാകുന്നവർക്ക് പെട്ടെന്ന് സിപിആർ നൽകുന്നതിനുള്ള ശ്രമം പരാജയപ്പെട്ടാലും ആംബുലൻസിൽ എഇഡി ഉണ്ടെങ്കിൽ ആശുപത്രിയിലെത്തുന്നതുവരെ ഹൃദയമിടിപ്പ് വീണ്ടെടുക്കാനാകും.
ആംബുലൻസ് ഡ്രൈവറുടെ സഹായത്തോടെ രോഗിയുടെ ഒപ്പമുള്ളവർക്കു തന്നെ ഈ ഉപകരണം പ്രവർത്തിപ്പിക്കാനാകും. എഇഡി ഉപയോഗിക്കുകയാണെങ്കിൽ ഹൃദയാഘാതമുണ്ടായ വ്യക്തിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനുള്ള സാധ്യത 70 ശതമാനമാണെന്നാണ് അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ പഠനങ്ങളിൽ കണ്ടെത്തിയിട്ടുള്ളത്.
Tags : Kaniv ambulances heart attack Emergency help