തിരുവനന്തപുരം: ജൈവമാലിന്യ സംസ്കരണത്തെ കൂടുതൽ ഫലപ്രദമാക്കുകയും സംസ്ഥാനത്തിന്റെ സർക്കുലർ ഇക്കോണമി ലക്ഷ്യങ്ങളും സുസ്ഥിര മാലിന്യസംസ്കരണവും ‘വേസ്റ്റ് ടു വെൽത്ത്’ ആശയം ശക്തിപ്പെടുത്തുകയും ചെയ്യുന്നതിനായി കൊല്ലം ജില്ലയിലെ കുരീപ്പുഴയിൽ ജൈവമാലിന്യത്തെ കംപ്രസ്ഡ് ബയോഗ്യാസ് ആക്കി മാറ്റുന്ന പ്ലാന്റ് സ്ഥാപിക്കുന്നു.
നാളെ ഉച്ചയ്ക്ക് ഒന്നിന് തിരുവനന്തപുരം തൈക്കാട് ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ നടക്കുന്ന ചടങ്ങിൽ പ്ലാന്റിനായുള്ള ബഹുകക്ഷി കരാർ ഒപ്പുവയ്ക്കും.
ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ്, തദ്ദേശ സ്വയംഭരണ വകുപ്പ്, ശുചിത്വ മിഷൻ, കൊല്ലം മുനിസിപ്പൽ കോർപറേഷൻ, വിവിധ മുനിസിപ്പാലിറ്റികളും ഗ്രാമപഞ്ചായത്തുകളും എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
പ്രതിദിനം കുറഞ്ഞത് 120 ടൺ ജൈവമാലിന്യം ശാസ്ത്രീയമായി സംസ്കരിക്കാൻ ശേഷിയുള്ള പ്ലാന്റ്, ആവശ്യാനുസരണം 150 ടൺ വരെ വികസിപ്പിക്കാനാവും. മാലിന്യത്തിൽനിന്ന് കംപ്രസ്ഡ് ബയോഗ്യാസ് ഉത്പാദിപ്പിക്കുന്നതോടൊപ്പം ജൈവവളം ഉൾപ്പെടെയുള്ള മൂല്യവർധിത ഉപോത്പന്നങ്ങളും നിർമിക്കും. ഇതുവഴി ലാൻഡ്ഫില്ലുകളുടെ ആശ്രയം കുറയ്ക്കാനും ഹരിതഗൃഹ വാതക ബഹിർഗമനം നിയന്ത്രിക്കാനും ഹരിത ഊർജോത്പാദനം പ്രോത്സാഹിപ്പിക്കാനും സാധിക്കും.
സംസ്ഥാനത്ത് ബിപിസിഎൽ നടപ്പാക്കുന്ന മൂന്നാമത്തെ സിബിജി പ്ലാന്റാണ് കൊല്ലത്തേത്. കൊച്ചിയിലെ പ്ലാന്റ് പൂർത്തീകരണ ഘട്ടത്തിലും കോഴിക്കോട് കോർപറേഷനിലെ പ്ലാന്റിനായി തുടർനടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയുമാണ്.
Tags : bio-waste Energy CBG plant Kureeppuzha Kollam