കണ്ണൂർ: ഓൺലൈൻ സേവനങ്ങൾ യാഥാർഥ്യമാണെന്ന് ഓരോരുത്തരും അനുഭവിച്ചറിയുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ.
സംസ്ഥാന തദ്ദേശ ദിനാചരണത്തിന്റെ സമാപന സമ്മേളനം മാങ്ങാട്ടുപറമ്പ് കെഎപി ബറ്റാലിയൻ മൈതാനിയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കെ-സ്മാർട്ടിലൂടെ അപേക്ഷ ലഭിച്ച് ഒരു മണിക്കൂറിനകം തീർപ്പാക്കിയ ഫയലുകളുടെ എണ്ണം 10 ലക്ഷത്തിലധികമാണ്.
ഒരു മിനിറ്റിനകം നൽകിയ കെട്ടിട നിർമാണ പെർമിറ്റുകൾ രണ്ടു ലക്ഷത്തിലധികമുണ്ട്. മാലിന്യ നിർമാർജനത്തിനായി 2011 മുതൽ 2016 വരെ കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് 29,500 കോടി നൽകി.
2016 മുതൽ 2021 വരെ 53,000 കോടി രൂപയായി വർധിച്ചു. 2021 മുതൽ ഇതേ വരെ 70,000 കോടിയിലധികം രൂപ നൽകിയിട്ടുണ്ട്. അഞ്ചു വർഷത്തിൽ റോഡ് പ്രവൃത്തികൾക്കായി തദ്ദേശ സ്ഥാപനങ്ങൾക്ക് 8,867 കോടി ലഭ്യമാക്കി.അങ്കണവാടി കെട്ടിടങ്ങളുടെ നിർമാണത്തിനായി 1,187 കോടി ലഭ്യമാക്കി.
മഞ്ചേശ്വരം മുതൽ പാറശാല വരെയുള്ള എല്ലാ പ്രദേശങ്ങൾക്കും നഗരസ്വഭാവം വന്നുകൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശസ്വയം ഭരണവകുപ്പിന്റെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പ്രകാശനം ചെയ്തു. അതി ദാരിദ്ര്യനിർമാർജനം, ഡിജി കേരളം പദ്ധതികളുടെ രണ്ടാം ഘട്ടത്തിന്റെ ലോഗോ പ്രകാശനവും മുഖ്യമന്ത്രി നിർവഹിച്ചു. മന്ത്രി എം.ബി. രാജേഷ് അധ്യക്ഷനായി.
സ്വരാജ് ട്രോഫി, മഹാത്മാ പുരസ്കാരം, മഹാത്മാ അയ്യങ്കാളി പുരസ്കാരം, സ്വരാജ് മാധ്യമ പുരസ്കാരം, ലൈഫ് മിഷൻ പുരസ്കാരം, ശുചിത്വ ഗ്രേഡിംഗ് പുരസ്കാരം എന്നിവ മുഖ്യമന്ത്രി സമ്മാനിച്ചു. എം.വി. ഗോവിന്ദൻ എംഎൽഎ സ്വാഗതം പറഞ്ഞു.
കളിക്കുന്ന കളിയാണ്; നേരത്തേ തുടങ്ങിയതാണെന്നും മുഖ്യമന്ത്രി
മാങ്ങാട്ടുപറമ്പ് കെഎപി ഗ്രൗണ്ടിൽ സംസ്ഥാനതല തദ്ദേശദിനാഘോഷത്തിന്റെ സമാപന സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിനിടെ മൈക്ക് തകരാറിലായപ്പോൾ സംഘാടകർ ഭയന്നു.
എന്നാൽ, മൈക്കിനെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ കമന്റ് സദസിനെയും സംഘാടകരെയും ചിരിയിലാഴ്ത്തി. ‘മൈക്ക് സാധാരണ ഞാനുണ്ടാകുമ്പോള്‍ കളിക്കുന്ന കളിയാണ്.
നേരത്തേതന്നെ തുടങ്ങിയതാണിത്...’ മുഖ്യമന്ത്രി സദസിനെ അഭിസംബോധന ചെയ്ത് തുടങ്ങുമ്പോള്‍ത്തന്നെ മൈക്കില്‍നിന്ന് അപശബ്ദം ഉയരാന്‍ തുടങ്ങിയിരുന്നു.
Tags : Chief Minister Pinarayi Vijayan online services Mangattuparambu KAP Battalion