തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ കുടുംബാംഗങ്ങൾക്കെതിരെ സോഷ്യൽ മീഡിയ വഴി വ്യാജപ്രചരണം നടത്തിയ വ്യക്തിക്കെതിരെ പരാതി. ബിനോയ് വിശ്വത്തിന്റെ ഭാര്യയ്ക്കും രണ്ട് മക്കൾക്കും ബ്രിട്ടീഷ് പൗരത്വമാണുള്ളതെന്ന തരത്തിൽ ഫേസ്ബുക്കിൽ പോസ്റ്റിട്ട അഞ്ചൽ സ്വദേശിക്കെതിരെയാണ് സൈബർ സെല്ലിൽ പരാതി നൽകിയത്. മനഃപൂർവ്വം വ്യക്തിഹത്യ നടത്താനും കുടുംബത്തെ അപകീർത്തിപ്പെടുത്താനുമാണ് ഇത്തരമൊരു നീക്കമെന്ന് ബിനോയ് വിശ്വം ആരോപിച്ചു.
പ്രചരണം പൂർണ്ണമായും വാസ്തവവിരുദ്ധമാണെന്ന് വ്യക്തമാക്കിയ ബിനോയ് വിശ്വം, തന്റെ കുടുംബാംഗങ്ങളെല്ലാം ഇന്ത്യൻ പാസ്പോർട്ടുള്ളവരാണെന്നും അവരുടെ വിവരങ്ങൾ പൊതുമണ്ഡലത്തിൽ ലഭ്യമാണെന്നും പറഞ്ഞു.
സൗത്ത് മലബാർ ഗ്രാമീൺ ബാങ്കിലെ ഉയർന്ന ഉദ്യോഗസ്ഥയായി വിരമിച്ച ബിനോയ് വിശ്വത്തിന്റെ ഭാര്യ ഷൈല സി. ജോർജ് അറിയപ്പെടുന്ന എഴുത്തുകാരി കൂടിയാണ്.
മകൾ രശ്മി ബിനോയ് ടൈംസ് ഓഫ് ഇന്ത്യ, ഇന്ത്യ ടുഡേ, ദി ഹിന്ദു തുടങ്ങിയ മാധ്യമങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള പ്രമുഖ മാധ്യമപ്രവർത്തകയും സൂര്യ ബിനോയ് കേരള ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകയും ഗവൺമെന്റ് പ്ലീഡറുമാണ്.
സമൂഹമധ്യത്തിൽ പാർട്ടി നേതാവിനെ കരിവാരിത്തേയ്ക്കാനും കുടുംബത്തെ അപമാനിക്കാനും ദുരുദ്ദേശപരമായിട്ടാണ് വ്യാജപോസ്റ്റ് നിർമ്മിച്ചതെന്ന് പരാതിയിൽ പറയുന്നു. ഐ.ടി ആക്ട് പ്രകാരവും ക്രിമിനൽ വകുപ്പുകൾ അനുസരിച്ചും പ്രതിക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ബിനോയ് വിശ്വം പോലീസിനോട് ആവശ്യപ്പെട്ടു.
Tags : Binoy Vishwam False Allegation