കണ്ണൂർ: കർഷക ക്ഷേമനിധി ബോർഡിന്റെ പ്രവർത്തനം പൂർണമായും പ്രവർത്തനക്ഷമമാക്കുമെന്ന് പ്രീ-ബജറ്റ് ചർച്ചയിൽ നടന്ന ധനമന്ത്രി കെ. ബാലഗോപാലിന്റെ ഉറപ്പ് ബജറ്റിൽ അട്ടിമറിച്ചു.
പ്രീ-ബജറ്റിൽ നടന്ന ചർച്ചയുടെ അടിസ്ഥാനത്തിൽ ധനമന്ത്രിയുടെ നേതൃത്വത്തിൽ തയാറാക്കിയ റിപ്പോർട്ടിലാണു കർഷക ക്ഷേമനിധി ബോർഡ് ബജറ്റിൽ പ്രവർത്തനക്ഷമമാക്കുമെന്ന് പറയുന്നത്. പ്രീ-ബജറ്റിൽ മന്ത്രി നല്കിയ റിപ്പോർട്ടിന്റെ കോപ്പി ദീപികയ്ക്കു ലഭിച്ചു.
കർഷകർക്ക് സാമൂഹിക സുരക്ഷയും ക്ഷേമപിന്തുണയും നല്കുന്നതിന് മതിയായ സാന്പത്തിക വ്യവസ്ഥകളോടെ കേരള കർഷക ക്ഷേമനിധി ബോർഡ് പൂർണമായും പ്രവർത്തനക്ഷമമാക്കുമെന്നായിരുന്നു പ്രീ-ബജറ്റ് ചർച്ചയിൽ നടന്ന റിപ്പോർട്ടിൽ മന്ത്രി പറഞ്ഞത്.
എന്നാൽ, ബജറ്റിൽ കർഷക ക്ഷേമനിധി ബോർഡിന്റെ കാര്യം പോലും പരാമർശിച്ചില്ല. ഇതോടെ, രണ്ടാം പിണറായി സർക്കാരിന്റെ കാലയളവിൽ 2021 ൽ ആരംഭിച്ച കർഷകപെൻഷൻ പദ്ധതിയുടെ പ്രവർത്തനം അവതാളത്തിലായിരിക്കുകയാണ്.
സംസ്ഥാനത്ത് തൃശൂരിൽ പ്രധാനപ്പെട്ട ഓഫീസും കോഴിക്കട്ടും തിരുവനന്തപുരത്തും റീജണൽ ഓഫീസുമായിട്ടായിരുന്നു കർഷക ക്ഷേമനിധി ബോർഡിന്റെ പ്രവർത്തനം. കഴിഞ്ഞ അഞ്ചുവർഷമായി ഓഫീസ് പ്രവർത്തിക്കുന്നുണ്ട്. എന്നാൽ, ക്ഷേമനിധി ബോർഡിന്റെ പ്രവർത്തനങ്ങൾക്ക് അംഗീകാരം ലഭിക്കാത്തതിനാൽ ജീവനക്കാരുടെ സേവന-വേതന വ്യവസ്ഥകൾക്കും തീരുമാനമായില്ല.
ഹോണറേറിയം മാത്രമാണ് ഇവർക്ക് ലഭിക്കുന്നത്. കർഷകർക്കായി ഇന്ത്യയിലെതന്നെ മികച്ച പദ്ധതിയായിരുന്നു കർഷക പെൻഷൻ പദ്ധതി.പദ്ധതി തുടങ്ങിയപ്പോൾത്തന്നെ പെൻഷൻ തുകയുടെ പരിധിയും ആനുകൂല്യങ്ങളുടെ രീതിയും അടങ്ങുന്ന ഫയൽ തയാറാക്കിയിരുന്നു. എന്നാൽ, അഞ്ചുവർഷം കഴിയാറായിട്ടും ധനവകുപ്പ് പദ്ധതിയുടെ ഫയലിൽ ഒപ്പിടുകയോ കാബിനറ്റിൽ ചർച്ച ചെയ്യുകയോ ചെയ്തിട്ടില്ല.
2021ൽ അംശാദായം അടച്ചുതുടങ്ങിയവർക്ക് അടുത്തവർഷം ജനുവരിയിൽ പെൻഷൻ വിതരണം ചെയ്യേണ്ടതാണ്. എന്നാൽ, കൊടുക്കേണ്ട തുകയെക്കുറിച്ചോ നല്കേണ്ട ആനുകൂല്യങ്ങളെക്കുറിച്ചോ ഇതുവരെയും ധാരണയായില്ല. കർഷക ക്ഷേമനിധി പെൻഷനായുള്ള കർഷക രജിസ്ട്രേഷൻ ഓൺലൈൻ മുഖാന്തിരം നടത്തുന്നതിനുള്ള സോഫ്റ്റ്വേർ 2021 ഡിസംബർ ഒന്നിനാണു കൃഷിമന്ത്രി തുറന്നുകൊടുത്തത്.
ആദ്യഘട്ടത്തിൽ 20 ലക്ഷം പേരുടെ രജിസ്ട്രേഷനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, 2025 ഡിസംബർ 31 വരെ 15,354 പേരുടെ രജിസ്ട്രേഷൻ മാത്രമാണു പൂർത്തിയായിരിക്കുന്നത്.
Tags : pre-budget cut in budget Farmers Welfare Board Minister K. Balagopal Kerala Budget