ഇടുക്കി: നൂറ്റിനാലാം വയസിലും ആവേശം ചോരാതെ വാഴവര നാങ്കുതൊട്ടി പൗവ്വത്ത് ആന്റണി വർക്കി എന്ന അപ്പച്ചൻ തന്റെ കടമ നിറവേറ്റാനെത്തി.
അപ്പച്ചൻ തൊണ്ണൂറോളം കുടുംബാംഗങ്ങളുള്ള വലിയ കുടുംബത്തിന്റെ കാരണവരാണ്. വോട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യം ഓരോരുത്തരെയും ഓർമിപ്പിച്ചാണ് കേരളത്തിലെ ഏറ്റവും പ്രായമുള്ള ദന്പതിമാരിൽ ഒരാളായ അപ്പച്ചൻ മടങ്ങിയത്.
ഇരട്ടയാർ പഞ്ചായത്ത് പത്താം വാർഡിലെ വോട്ടറായ അപ്പച്ചൻ ശാന്തിഗ്രാം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്. സംസ്ഥാനത്തെ ഏറ്റവും പ്രായം കൂടിയ ദന്പതികളെന്ന ഖ്യാതി അപ്പച്ചനും 99കാരിയായ ഭാര്യ ക്ലാരമ്മയ്ക്കും സ്വന്തമാണ്.
നടക്കാൻ ബുദ്ധിമുട്ട് നേരിടുന്നതിനാൽ ക്ലാരമ്മ വോട്ട് രേഖപ്പെടുത്താൻ എത്തിയില്ല. കേരളപ്പിറവിക്കുശേഷമുള്ള ആദ്യ പൊതുതെരഞ്ഞെടുപ്പ് മുതൽ തന്റെ എല്ലാ വോട്ടുകളും വിനിയോഗിച്ചിട്ടുണ്ട് അപ്പച്ചൻ. മികച്ച കർഷകൻ എന്നതിലുപരി ദീർഘവീക്ഷണമുള്ള പൊതുപ്രവർത്തകനുമാണ് ആന്റണി പൗവ്വത്ത്.
Tags : enthusiasm Voter Kerala Local body election Polling booth