കോഴിക്കോട്: ഡിജിറ്റൽ അറസ്റ്റെന്ന് പറഞ്ഞ് യുവതിയുടെ 36 ലക്ഷം രൂപ കവർന്നകേസിൽ നാലു പേർ അറസ്റ്റില്‍. കോഴിക്കോട് സ്വദേശിനിയുടെ പണം കവർന്ന കേസിൽ പാറോപ്പടി സ്വദേശി കെ. ഹരിപ്രസാദ് (35), കല്ലായി സ്വദേശി ഫാസില്‍ (35), അത്താണിക്കല്‍ സ്വദേശി കെ.വി. ഷിഹാബ് (43), മലാപറമ്പ് സ്വദേശി എ.റബിന് എന്നിവരാണ് അറസ്റ്റിലായത്.
പരാതിക്കാരിയുടെ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് മുംബൈ കനറാ ബാങ്കില്‍ ആരോ അക്കൗണ്ട് തുടങ്ങിയെന്നും ആ അക്കൗണ്ട് വഴി നാലു കോടി രൂപയുടെ കള്ളപ്പണമിടപാട് നടത്തിയെന്നും വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. തുടർന്ന് യുവതിയെ ഡിജിറ്റൽ അറസ്റ്റെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു.
കഴിഞ്ഞ ഡിസംബറില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മിഷണര്‍ അരുണ്‍ കെ. പവിത്രന്റെ നിര്‍ദ്ദേശപ്രകാരമാണ് അന്വേഷണം നടത്തിത്. കേസിലെ വിദേശ ബന്ധങ്ങളെക്കുറിച്ചും ബാങ്ക് അക്കൗണ്ടുകള്‍ സംഘടിപ്പിച്ചു നല്കുന്ന സംഘങ്ങളെക്കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചു.
ഒരു കേരള ബാങ്ക് അക്കൗണ്ട് തട്ടിപ്പിന്റെ ആദ്യ ഘട്ടത്തില്‍ ഉപയോഗിക്കപ്പെട്ടതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിന് ഇരയായാല്‍ ഉടന്‍ 1930 എന്ന ടോള്‍ ഫ്രീ നമ്പരിലോ www.cybercrime.gov.in എന്ന വെബ്സൈറ്റിലോ പരാതി രജിസ്റ്റര്‍ ചെയ്യണമെന്ന് സൈബര്‍ പോലീസ് അറിയിച്ചു.
Tags : Financial fraud police case arrest kozhikode