ചാലക്കുടി: ആറുവർഷംമുന്പ് ധാർഷ്ട്യത്തോടെ പാഠപുസ്തകങ്ങളും വീട്ടുസാധനങ്ങളും റോഡിലേക്കെറിഞ്ഞ് വീട്ടിൽനിന്ന് ഇറക്കിവിട്ട കുടുംബത്തെ സുപ്രീംകോടതിയുടെ അന്ത്യശാസനം ഭയന്ന് ധൃതിപ്പെട്ട് തിരികെ പ്രവേശിപ്പിച്ച് വനംവകുപ്പ്.
ആറുവർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ സുപ്രീംകോടതിയിൽ ദയനീയമായി തോറ്റതോടെയാണു വനംവകുപ്പ് ഇളിഭ്യരായി വീടുംസ്ഥലവും രേഖകളും കുടുംബത്തിനു തിരികെനൽകിയത്.
ഭൂമികൈയേറ്റം ആരോപിച്ച് 2019 നവംബർ 22നാണ് ചാലക്കുടി ഡിഎഫ്ഒയുടെ നേതൃത്വത്തിൽ സായുധരായ ഇരുപത്തഞ്ചോളം വനം-പോലീസ് ഉദ്യോഗസ്ഥർചേർന്ന് തുന്പൂർമുഴി പാറോക്കാരൻ ജോണ്‍സനെയും ഭാര്യ റൊബീന, മൂന്നു മക്കൾ, വൃദ്ധരായ മാതാപിതാക്കൾ എന്നിവരെയും സ്വന്തം കിടപ്പാടത്തിൽനിന്നു ബലമായി ഇറക്കിവിട്ടത്.
വീടും അതനൊപ്പം കച്ചവടം ചെയ്തിരുന്ന കടയും പൂട്ടി സീൽ ചെയ്ത് ഇറക്കിവിട്ട കുടുംബത്തെ ഇന്നലെ വനംവകുപ്പ് ഉദ്യോഗസ്ഥർ ആദരപൂർവം ചേർത്തുനിർത്തി വീടിന്റെ താക്കോൽ കൈമാറി. ജോണ്‍സന്റ 15 സെന്റ് സ്ഥലം അളന്നുതിട്ടപ്പെടുത്തി രേഖകൾ കൈയോടെ നൽകുകയും ചെയ്തു.
ഡിസംബർ രണ്ടിനകം ജോണ്‍സനു ഭൂമിയും വീടും തിരിച്ചുനൽകണമെന്ന സുപ്രീംകോടതിവിധി നടപ്പാക്കി റിപ്പോർട്ട് നൽകിയില്ലെങ്കിൽ വനം ഉദ്യോഗസ്ഥർക്കും ചീഫ് സെക്രട്ടറിക്കുമെതിരേ കോടതിയലക്ഷ്യത്തിനു കേസെടുത്തു ജയിലിൽ അടയ്ക്കുമെന്ന, കഴിഞ്ഞ 25-ാം തീയതിയിലെ സുപ്രീംകോടതിയുടെ ഉഗ്രശാസനത്തിൽ ഭയന്നാണു വനം ഉദ്യോഗസ്ഥർ നിലപാട് മാറ്റിയത്.
ആദ്യം ഹൈക്കോടതിയിൽ കൊടുത്ത കേസുകളിൽ ജോണ്സനെതിരായാണു വിധി വന്നത്. പിന്നീട് റിട്ട. എസ്ഐ പ്രതാപൻ ജോണ്‍സന്റെ അവസ്ഥ സംസ്ഥാന മനുഷ്യാവകാശകേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് സുപ്രിംകോടതി അഭിഭാഷകൻ അഡ്വ. ജോസ് ഏബ്രഹാമുമായി സംസാരിച്ച് കേസ് ഫയൽ ഏല്പിച്ചു. അദ്ദേഹം ഫയൽ ചെയ്ത കേസ് പരിഗണിച്ച സുപ്രീംകോടതി ഇതു വനഭൂമിയല്ലെന്നു കണ്ടെത്തി ഹൈക്കോടതിവിധി റദ്ദാക്കി, നാലാഴ്ചയ്ക്കകം ജോണ്‍സനു ഭൂമിയും സ്ഥലവും തിരിച്ചുനൽകണമെന്ന് ഉത്തരവിടുകയായിരുന്നു.
സർക്കാർ പുനഃപരിശോധനാഹർജി നൽകിയെങ്കിലും അതും തള്ളിയ ജസ്റ്റീസുമാരായ വിക്രംനാഥും സന്ദീപ് മേത്തയും അടങ്ങിയ ബെഞ്ച്, ഡിസംബർ രണ്ടിനു വിധി നടപ്പാക്കി വിവരം അറിയിച്ചില്ലെങ്കിൽ കോടതിയലക്ഷ്യത്തിനു ചീഫ് സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥര്ക്കെതിരേ ക്രിമിനൽ നടപടിയെടുക്കുമെന്ന് ഉത്തരവിട്ടു. ഇതോടെയാണ് വനം ഉദ്യോഗസ്ഥർ നടപടിക്രമങ്ങൾ പൂർത്തിയാക്കി വിധി നടപ്പാക്കിയത്. ചാലക്കുടി ഡിഎഫ്ഒയും മറ്റ് ഉദ്യോഗസ്ഥരും ഉത്തരവ് നടപ്പിലാക്കി കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു.
സുപ്രീംകോടതിയിലെ അഭിഭാഷകനും അഡ്വക്കറ്റ് ഓണ്‍ റിക്കാർഡ്സ് കൂടിയായ ജോസ് ഏബ്രഹാം ഇന്നലെ തുന്പൂർമുഴിയിലെ ജോണ്‍സന്റെ സ്ഥലം സന്ദർശിച്ചു. മനുഷ്യാവകാശ സംരക്ഷണകേന്ദ്രം ജനറൽ സെക്രട്ടറി ജോയ് കൈതാരത്തിന്റെ നേതൃത്വത്തിൽ പൊന്നാടയണിയിച്ച് ആദരിച്ചു. ആറുവർഷത്തോളം സൗജന്യമായാണ് അഡ്വ. ജോസ് ഏബ്രഹാം കേസ് വാദിച്ചത്.
Tags : Forest department family abandoned surrenders court