കൊച്ചി: ട്രാവലറിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച് കാര്‍ യാത്രികനായ യുവാവിനെ നാലംഗ സംഘം ക്രൂരമായി മര്‍ദിച്ച് കാര്‍ അടിച്ചു തകര്‍ത്തു. കോട്ടുവള്ളിവീട്ടില് അരുണ്‍ ജി. കാന്ത് (37) ആണ് മർദ്ദനത്തിനിരയായത്. സംഭവത്തില്‍ ഉൾപ്പെട്ട നാലുപേരെ അരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.
തളിയാപറമ്പ് സ്വദേശി ശ്യാം (26), എഴുപുന്ന സ്വദേശി വിഷ്ണു (39), കോടംതുരുത്ത് സ്വദേശി സഞ്ജയ് (28), എഴുപുന്ന സ്വദേശി ആന്റണി (30) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ കാര്‍ തടഞ്ഞ് അരുണിനെ മര്‍ദിക്കുകയും വീല്‍ സ്പാനര്‍ ഉപയോഗിച്ച് തോളെല്ലിന് അടിക്കുകയും ചെയ്തു. കാറിന്റെ ചില്ലുകളും സംഘം തല്ലിത്തകര്‍ത്തു.
പരിക്കേറ്റ യുവാവ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ദേശീയപാതയില്‍ എരമല്ലൂര്‍ മോഹം ആശുപത്രിക്ക് സമീപം പുലര്‍ച്ചെ മൂന്നിനാണ് ആണ് സംഭവം നടന്നത്. തുറവൂരില്‍ നിന്നും അരൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്നു കാര്‍. എഴുപുന്നയിലുള്ള വര്‍ക്ക്ഷോപ്പില്‍ വാഹനത്തിന്റെ അറ്റകുറ്റപ്പണി നടത്തി മടങ്ങുകയായിരുന്ന ട്രാവലര്‍.
തുറവൂര്‍ തൈക്കാട്ടുശേരി റോഡിന് സമീപം ട്രാവലറിന് സൈഡ് കൊടുത്തില്ലെന്ന കാരണത്താലാണ് നാലംഗ സംഘം പ്രശ്നമുണ്ടാക്കിയത്. തുടര്‍ന്ന് കിലോമീറ്ററോളം കാറിനെ പിന്തുടര്‍ന്ന ട്രാവലര്‍ ഡ്രൈവര്‍ മൂന്നംഗ സംഘത്തെ വിളിച്ചു വരുത്തുകയായിരുന്നു. ഇരുമ്പ് വടി അടക്കമുള്ള മാരകായുധങ്ങളുമായി ആശുപത്രിക്കു മുന്നില്‍ കാത്തു നിന്നവര്‍ കാര്‍ ഡ്രൈവറെ ആക്രമിക്കുകയായിരുന്നു.
Tags : deadly weapons youth arrested kerala police street fight