കൊച്ചി: സീറോ മലബാർ സഭയുടെ വളർച്ചയുടെ പടവുകളിൽ നിർണായക നാഴികക്കല്ലായി ഗൾഫുനാടുകളിലെ സീറോമലബാർ വിശ്വാസികൾക്കു വേണ്ടിയുള്ള അപ്പസ്തോലിക് വിസിറ്ററായി ഇരിങ്ങാലക്കുട രൂപതാംഗമായ റവ. ഫാ. ജോളി വടക്കനെ പരിശുദ്ധ പിതാവ് ലെയോ പതിനാലാമൻ മാർപാപ്പ നിയമിച്ചു. ഇതു സംബന്ധിച്ചു വത്തിക്കാനിൽനിന്നുള്ള അറിയിപ്പു മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിനു ഭാരതത്തിലെ അപ്പസ്തോലിക് ന്യൂൺഷ്യോ ആർച്ച്ബിഷപ്പ് ലെയോപോൾദോ ജിറേല്ലിവഴി ലഭിച്ചു ഗൾഫുനാടുകളിൽ സീറോമലബാർ വിശ്വാസികൾക്കുവേണ്ടിയുള്ള അജപാലനസംവിധാനങ്ങൾ രൂപപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ പഠിക്കാനും കർമപദ്ധതി തയാറാക്കാനുമാണ് അപ്പസ്തോലിക് വിസിറ്ററെ നിയമിച്ചിരിക്കുന്നത്.
അറേബ്യൻ ഉപദീപിലെ രണ്ട് അപ്പസ്തോലിക് വികാരിയാത്തുകളുടെ അധ്യക്ഷന്മാരുമായുള്ള ഐക്യത്തിലും സഹകരണത്തിലുമായിരിക്കും അപ്പസ്തോലിക് വിസിറ്റർ പ്രവർത്തിക്കുന്നത്.
ഇരിങ്ങാലക്കുട രൂപതാമെത്രാൻ മാർ ജെയിംസ് പഴയാറ്റിൽ പിതാവിൽനിന്നു വൈദികപട്ടം സ്വീകരിച്ച ഫാ. ജോളി വടക്കൻ, ഇരിങ്ങാലക്കുട രൂപതയിലെ ഏതാനും ഇടവകകളിൽ ശുശ്രൂഷചെയയ്തശേഷം റോമിലെ സലേഷ്യൻ യൂണിവേഴ്‌സിറ്റിയിൽനിന്നു മീഡിയായിലും മതബോധനത്തിലും ലൈസൻഷ്യേറ്റ് ബിരുദം കരസ്ഥമാക്കി.
ഇരിങ്ങാലക്കുട രൂപതാ മീഡിയാ ഡയറക്‌ടർ, മതബോധന ഡയറക്ടർ, ബൈബിൾ അപ്പോസ്‌റ്റലേറ്റ് ഡയറക്‌ടർ, പാസ്റ്ററൽ സെന്റർ ഡയറക്ടർ തുടങ്ങിയ ഉത്തരവാദിത്തങ്ങൾക്കുപുറമേ വിവിധ ഇടവകകളിൽ വികാരിയായും അദ്ദേഹം ശുശ്രൂഷ ചെയ്‌തിട്ടുണ്ട്. 2013 മുതൽ 2019 വരെ കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ മാധ്യമ കമ്മീഷൻ സെക്രട്ടറിയായിരുന്നു. 2024 ജൂലൈ മുതൽ ഇരിങ്ങാലക്കുട രൂപതയുടെ സിഞ്ചെല്ലൂസായി സേവനം ചെയ്തു വരുമ്പോഴാണ് പുതിയ നിയമനം ലഭിച്ചിരിക്കുന്നത്.
Tags : Fr. Jolly Vadakkan Syro-Malabar church Apostolic Visitor Gulf Countries