മട്ടന്നൂർ: ചില ആളുകളെ പരിചയപ്പെടുന്നത് അവരുടെ എല്ലാ വിവരങ്ങളും അറിഞ്ഞിട്ടല്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. സോണിയാ ഗാന്ധിയുടെ അടുത്ത് സ്വർണപ്പാളി കേസ് പ്രതികൾ പോയ സംഭവത്തിൽ മട്ടന്നൂരിൽ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
രണ്ടു സ്ഥലത്താണ് മേയർസ്ഥാനാർഥികളെ പ്രഖ്യാപിച്ചു മത്സരിപ്പിച്ചത്. കൊല്ലവും തിരുവനന്തപുരവും. ദീപ്തി മേരി വർഗീസിനു പരാതിയുണ്ടെങ്കിൽ എല്ലാ വിഷയവും പരിശോധിക്കുമെന്ന് മേയർ തർക്കവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കുത്തരമായി സണ്ണി ജോസഫ് പറഞ്ഞു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ വോട്ടർ പട്ടിക ക്രമക്കേടുകളും വാർഡ് വിഭജനത്തിലെ അശാസ്ത്രീയതയും കള്ളവോട്ടും അക്രമങ്ങളുമെല്ലാം ഉണ്ടായിട്ടും യുഡിഎഫ് കേരളമൊട്ടാകെ ചരിത്രവിജയം നേടി. മുഖ്യമന്ത്രി മറ്റെന്തു ന്യായീകരണം പറഞ്ഞാലും വിലപ്പോകില്ലെന്നും അദ്ദേഹം പറഞ്ഞു.
ക്രിസ്മസ് ദിനത്തിൽ ക്രൈസ്തവ ആരാധാനാലയങ്ങൾക്കും പ്രാർഥനാകേന്ദ്രത്തിനും നേരേ നടന്ന അക്രമങ്ങൾ വേദനിപ്പിക്കുന്ന സംഭവങ്ങളാണ്. രാജ്യത്തെ മതേതരത്വത്തെ ചോദ്യം ചെയ്യുന്ന നടപടികളിൽ വലിയ പ്രതിഷേധമാണുയരുന്നത്. ഈ പ്രതിഷേധത്തിൽ താനും പങ്കു ചേരുന്നതായും സണ്ണി ജോസഫ് പറഞ്ഞു.
Tags : Sunny Joseph MLA KPCC President Sonia Gandhi Sabarimala Gold theft Mattannur