കൊച്ചി: ഹാല് സിനിമയില്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ച കട്ടുകളില്‍ ചിലത് മാത്രം ഒഴിവാക്കി വീണ്ടും സമര്‍പ്പിക്കാനും പരിശോധിച്ച് രണ്ടാഴ്ചയ്ക്കകം സര്‍ട്ടിഫിക്കറ്റ് നല്‍കാനും ഹൈക്കോടതി നിര്‍ദേശം.
സിനിമയുടെ പ്രമേയവുമായി യോജിക്കാത്ത കോടതി നടപടികളുമായി ബന്ധപ്പെട്ട രംഗങ്ങള്‍, ബീഫ് ബിരിയാണി കഴിക്കുന്ന രംഗവും ധ്വജ പ്രണാമം, ഗണപതി വട്ടം, സംഘം കാവലുണ്ട് എന്നീ സംഭാഷണങ്ങളും ഒഴിവാക്കാനാണ് നിര്‍ദേശം. ഇവ നീക്കണമെന്ന ബോര്‍ഡ് നിര്‍ദേശത്തെ എതിര്‍ക്കുന്നില്ലെന്ന് ഹര്‍ജിക്കാര്‍ അറിയിച്ചതു കൂടി കണക്കിലെടുത്താണ് കോടതി നടപടി.
സെന്‍സര്‍ ബോര്‍ഡ് നടപടി ചോദ്യം ചെയ്ത് സിനിമയുടെ നിര്‍മാതാവ് ജൂബി തോമസ്, സംവിധായകന് മുഹമ്മദ് റഫീഖ് (വീര) എന്നിവര്‍ നല്കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. സിനിമയ്ക്ക് സര്‍ട്ടിഫിക്കറ്റ് നല്കാന് ഇരുപതോളം മാറ്റങ്ങളാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിരുന്നത്. കോടതി സിനിമ കണ്ടിരുന്നു.
വിവിധ മതസ്ഥര്‍ തമ്മിലുളള ബന്ധത്തെ തെറ്റായി അവതരിപ്പിക്കുന്നതാണ് പ്രമേയമെന്ന് എങ്ങനെ പറയാനാവുമെന്ന് കോടതി ഉത്തരവില്‍ പറയുന്നു. സാധാരണ മനുഷ്യന്റെ കാഴ്ചപ്പാടിലാണ് സിനിമ കാണേണ്ടത്. ഈ സിനിമയുടെ കാര്യത്തില്‍ ബോര്‍ഡിന്റെ സമീപനം അതായിരുന്നില്ല.
ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളായ മതേതരത്വവും സാഹോദര്യവും മറികടക്കുന്ന സമീപനം സ്വീകരിക്കാനാകില്ല. വിവേകമുള്ള സാധാരണക്കാരന്റെ കണ്ണിലൂടെ നോക്കുമ്പോള്‍ സിനിമയുടെ പ്രമേയം ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളുമായി ചേര്‍ന്നു നില്ക്കുന്നതു തന്നെയാണെന്നും കോടതി ചൂണ്ടിക്കാട്ടി.
Tags : Haal movie Kerala High Court senserboard