x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹാൽ സിനിമയ്ക്കെതിരായ ഹർ‌ജി വിധി പറയാൻ മാറ്റി


Published: November 27, 2025 12:41 PM IST | Updated: November 27, 2025 12:41 PM IST

കൊച്ചി: ഹാൽ സിനിമയ്ക്കെതിരെ കത്തോലിക്ക കോണ്ഗ്രസ് ഹൈക്കോടതി ഡിവിഷൻ ബഞ്ചിൽ നൽകിയ അപ്പീൽ വിധി പറയാൻ മാറ്റി . ബിഷപ്പിനെയടക്കം സിനിമയിൽ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ചാണ് അപ്പീൽ നൽകിയത്.

മതസൗഹാർദ്ദം തകർക്കുന്ന സിനിമയ്ക്ക് പ്രദർശനാനുമതി നൽകാനുള്ള ഉത്തരവ് റദ്ദാക്കണമെന്നാണ് ആവശ്യം . ലൗജിഹാദിനെ പ്രോത്സാഹിപ്പിക്കുന്ന സിനിമയാണെന്നാണ് ഹർജിയിലെ വാദം. സിംഗിൾ ബഞ്ച് സിനിമ നേരിട്ട് കണ്ട് രണ്ട് കട്ടുകൾ വേണമെന്ന നിർദേശത്തോടെ സെൻസർ ബോർഡിനോട് സർട്ടിഫിക്കറ്റ് നൽകാൻ നിർദേശിച്ചിരുന്നു.

സിനിമയുടെ പ്രമേയവുമായി യോജിക്കാത്ത കോടതി നടപടികളുമായി ബന്ധപ്പെട്ട രംഗങ്ങൾ, ബീഫ് ബിരിയാണി കഴിക്കുന്ന രംഗം, ധ്വജ പ്രണാമം, ഗണപതി വട്ടം, സംഘം കാവലുണ്ട് എന്നീ സംഭാഷണ ഭാഗങ്ങൾ ഒഴിവാക്കി സർട്ടിഫിക്കറ്റ് നൽകാനായിരുന്നു സിംഗിൾ ബഞ്ച് ഉത്തരവിട്ടത്.

സെൻസർ ബോർഡ് നടപടി ചോദ്യം ചെയ്ത് ‘ഹാൽ’ സിനിമയുടെ നിർമാതാവ് ജൂബി തോമസ്, സംവിധായകൻ മുഹമ്മദ് റഫീഖ് (വീര) എന്നിവർ നൽകിയ ഹർജിയിലായിരുന്നു സിംഗിൾ ബഞ്ച് ഉത്തരവ്.

ഷെയ്ൻ നിഗം നായകനായ സിനിമക്ക് സർട്ടിഫിക്കറ്റ് നൽകാൻ ഇരുപതോളം മാറ്റങ്ങളാണ് സെൻസർ ബോർഡ് നിർദേശിച്ചിരുന്നത്. മുസ്‌ലിം ആൺകുട്ടിയും ക്രിസ്ത്യൻ പെൺകുട്ടിയും തമ്മിലുള്ള പ്രണയമാണ് ചിത്രത്തിന്‍റെ പ്രമേയം. സാധാരണ മനുഷ്യന്‍റെ കാഴ്ചപ്പാടിലാണ് സിനിമ കാണേണ്ടതെന്നും കഥാപാത്രമായി ബിഷപ്പിനെ അവതിപ്പിക്കുന്നതും ആ കഥാപാത്രത്തിന്‍റെ സംഭാഷണവും മറ്റും ആവിഷ്കാര സ്വാതന്ത്ര്യത്തിന്‍റെ പരിധിയിൽ തന്നെ വരുന്നതാണെന്നും സിംഗിൾ ബഞ്ച് വ്യക്തമാക്കിയിരുന്നു.

എന്നാൽ, സിനിമ ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നതും മതവികാരം വ്രണപ്പെടുത്തുന്നതുമാണെന്നാണ് കത്തോലിക്ക കോൺഗ്രസ് താമരശേരി രൂപത പ്രസിഡന്‍റ് നൽകിയ അപ്പീലിൽ പറയുന്നത്.

Tags : Haal Movie High Court Shane Nigam

Recent News

Up