തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ലൈംഗിക പീഡന പരാതിയിൽ നിർണായക വിവരങ്ങൾ പുറത്ത്. രാഹുൽ വീഡിയോ കോളിലൂടെ ഭീഷണിപ്പെടുത്തിയാണ് ഗർഭഛിദ്ര ഗുളിക കഴിപ്പിച്ചതെന്നാണ് പരാതിക്കാരിയുടെ മൊഴി.
ഗുളിക കഴിച്ചതിന് പിന്നാലെ ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടായെന്നും ഇതേ തുടർന്ന് ഒരു സർക്കാർ ആശുപത്രിയിലെ ഗൈനക്കോളജി ഡോക്ടറെയാണ് സമീപിച്ചതെന്നും പരാതിക്കാരി പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
ആശുപത്രിയെയും ഡോക്ടറെയും പോലീസ് നേരത്തെ തിരിച്ചറിഞ്ഞിരുന്നതായാണ് പുറത്തുവരുന്ന വിവരം. രാഹുൽ മാങ്കൂട്ടത്തിൽ സുഹൃത്ത് വഴി ഗുളിക എത്തിച്ചെന്നാണ് യുവതിയുടെ മൊഴിയിൽ പറയുന്നത്.
രാഹുലിന്റെ സുഹൃത്ത് അടൂർ സ്വദേശിയായ വ്യാപാരിക്കായും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം പോലീസ് കേസെടുത്തതിന് പിന്നാലെ രാഹുല്‍ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് കേരളം വിട്ടെന്നാണ് സൂചന.
കേസിൽ മുൻകൂർ ജാമ്യത്തിനായി കൊച്ചിയിലെ അഭിഭാഷകനുമായി എംഎൽഎ ചർച്ച നടത്തിയതായും റിപ്പോർട്ടുകളുണ്ട്. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയേയോ ഹൈക്കോടതിയേയോ സമീപിക്കാനാണ് ആലോചന.
Tags : Rahul Mamkoottathil kerala police trivandrum crime news