കൊച്ചി: കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ നിയമപരമായ ചട്ടങ്ങൾ ലംഘിച്ച് സത്യപ്രതിജ്ഞ ചെയ്തെന്ന പരാതിയിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തരമായി തീരുമാനമെടുക്കണമെന്ന് കേരള ഹൈക്കോടതി.
സത്യപ്രതിജ്ഞാ വാചകങ്ങളിൽ മാറ്റം വരുത്തുകയോ, രാഷ്ട്രീയ നേതാക്കളുടെയോ രക്തസാക്ഷികളുടെയോ പേരുകൾ കൂട്ടിച്ചേർക്കുകയോ ചെയ്യുന്നത് ചട്ടലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു. കേരള പഞ്ചായത്ത് രാജ് നിയമം, മുനിസിപ്പാലിറ്റി നിയമം എന്നിവ പ്രകാരം നിശ്ചയിച്ചിട്ടുള്ള സത്യപ്രതിജ്ഞാ മാതൃകയിൽ ഭേദഗതികളോ കൂട്ടിച്ചേർക്കലുകളോ യഥേഷ്ടം വരുത്താൻ ഒരാൾക്കും അവകാശമില്ല.
പരാതികളിൽ നേരിട്ട് തീർപ്പ് കൽപ്പിക്കുന്നതിന് പകരം, വിഷയം പരിശോധിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി നിർദ്ദേശിച്ചു. എല്ലാ കക്ഷികൾക്കും തങ്ങളുടെ ഭാഗം വിശദീകരിക്കാൻ അവസരം നൽകണം. നാല് ആഴ്ചയ്ക്കുള്ളിൽ പരാതികളിൽ കമ്മീഷൻ വ്യക്തമായ ഉത്തരവ് പുറപ്പെടുവിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
തിരുവനന്തപുരം കോർപ്പറേഷൻ ഉൾപ്പെടെയുള്ള വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ അംഗങ്ങൾ ഔദ്യോഗിക വാചകങ്ങൾക്ക് പകരം ദൈവങ്ങളുടെയോ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയോ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെതിരെയാണ് ഹർജി സമർപ്പിക്കപ്പെട്ടത്. നിശ്ചിത മാതൃകയിലല്ലാതെ സത്യപ്രതിജ്ഞ ചെയ്യുന്നവർക്ക് അംഗമായി തുടരാനോ വോട്ട് ചെയ്യാനോ അവകാശമില്ലെന്ന് മുൻ ഉത്തരവുകൾ ഉദ്ധരിച്ച് കോടതി ചൂണ്ടിക്കാട്ടി.
Tags : High Court local body Elections