കൊച്ചി: ക്രിമിനല്‍ കേസുകളില്‍ എഫ്ഐആറില്‍ ഉള്‍പ്പെടുത്തിയവരെ പ്രതിപ്പട്ടികയില്‍നിന്നു നീക്കം ചെയ്യുമ്പോള്‍ പരാതിക്കാരനെയോ അവകാശികളെയോ നോട്ടീസ് നല്കി അറിയിക്കണമെന്നു ഹൈക്കോടതി. ഇതിനായി ആവശ്യമായ നിര്‍ദേശങ്ങള്‍ പോലീസിനു നല്‍കണമെന്ന് സംസ്ഥാന പോലീസ് മേധാവിക്ക് കോടതി നിര്‍ദേശം നല്കി.
തിരൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതികളെ ഒഴിവാക്കിയതു ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റീസുമാരായ എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജോബിന് സെബാസ്റ്റ്യന്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.
സംഘം ചേര്‍ന്ന് ആക്രമിച്ചെന്ന പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരേ ആക്രമണത്തിനിരയായ വ്യക്തിയുടെ മകള്‍ നല്കിയ അപ്പീലാണ് കോടതി പരിഗണിച്ചത്. അന്വേഷണം കൃത്യമല്ലാത്തതും അനുചിതവുമായ രീതിയിലാണു നടത്തിയതെന്നു ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജി സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു. ഇതിനെതിരേയാണ് ഡിവിഷന് ബെഞ്ചില്‍ അപ്പീല്‍ സമര്‍പ്പിച്ചത്.
എഫ്ഐആറില്‍ പേരുള്ള പ്രതിയെ അന്തിമ റിപ്പോര്‍ട്ടിലെ പ്രതികളുടെ പട്ടികയില്‍ നിന്നു നീക്കം ചെയ്തതായി അറിയിച്ചുകൊണ്ട്, പരാതിക്കാരനോ അയാളുടെ നിയമപരമായ അവകാശികള്‍ക്കോ നോട്ടീസ് അയയ്ക്കുന്നതില്‍ അന്വേഷണ അധികാരികള്‍ പരാജയപ്പെട്ടുവെന്ന് ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
അന്വേഷണ അധികാരികളുടെ ഭാഗത്തുനിന്നുള്ള അത്തരം നിഷ്ക്രിയത്വം അംഗീകരിക്കാനാകില്ല. എന്നാല്‍ ഈ കേസില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്നും ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
Tags : High Court FIR