മലപ്പുറം: അതിവേഗ റെയിൽപാത യാഥാർഥ്യമായാൽ തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള അതിവേഗ പാതയിൽ 22 സ്റ്റേഷനുകളാകും ഉണ്ടാവുകയെന്ന് ഇ. ശ്രീധരൻ പറഞ്ഞു.
റെയിൽവേ സാന്നിധ്യമില്ലാത്ത മലപ്പുറം, കൊട്ടാരക്കര എന്നിവിടങ്ങളിലൂടെ അതിവേഗപാത കടന്നുപോകും. 3.15 മണിക്കൂറിൽ തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലെത്താൻ സാധിക്കും. രണ്ടര മണിക്കൂറിനുള്ളിൽ കോഴിക്കോട്ടും എത്താം. ഓരോ അഞ്ച് മിനിറ്റിലും ട്രെയിനുണ്ടാകും.
പദ്ധതിയുടെ പ്രതീക്ഷിത ചെലവ് കിലോമീറ്ററിന് ഏകദേശം 200 കോടി രൂപയാണ്. 86,000 കോടിയാണ് പ്രതീക്ഷിക്കുന്ന ചെലവ്. ഇത് ലക്ഷം കോടി വരെ ഉയരാം. ജിഎസ്ടിയും മറ്റു തീരുവകളും ഒഴിവാക്കിയുള്ള കണക്കാണിത്.
എട്ട് കോച്ചിൽ 560 പേർക്ക് യാത്ര ചെയ്യാം. 200 കിലോമീറ്ററായിരിക്കും പരമാവധി വേഗം. 20-25 കിലോമീറ്റർ പരിധിയിൽ സ്റ്റേഷനുകൾ വരും. കെ-റെയിലിൽ ഇത് 40-80 കിലോമീറ്ററായിരുന്നു. ബിസിനസ്, ഫസ്റ്റ് ക്ലാസ്, ജനറൽ കോച്ചുകൾ ട്രെയിനിലുണ്ടാകും. നാല് വർഷത്തിനകം പദ്ധതി തീർക്കാനാകും.
തിരുവനന്തപുരം സെൻട്രൽ, എയർപോർട്ട്, വർക്കല, കൊല്ലം, കൊട്ടാരക്കര, അടൂർ, ചെങ്ങന്നൂർ, കോട്ടയം, വൈക്കം, എറണാകുളം, ആലുവ, നെടുന്പാശേരി, തൃശൂർ, കുന്നംകുളം, എടപ്പാൾ, തിരൂർ, മലപ്പുറം, കരിപ്പൂർ, കോഴിക്കോട്, തലശേരി, കണ്ണൂർ എന്നിവിടങ്ങളിലാകും സ്റ്റേഷനുകൾ ഉണ്ടാവുക. ഏഴുപത് ശതമാനവും ഉയരപ്പാതയായതിനാൽ സ്ഥലമേറ്റെടുപ്പ് കുറവായിരിക്കും. 20 ശതമാനം ടണലായിരിക്കും.
കേന്ദ്രബജറ്റിൽ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നാണ് റിപ്പോർട്ട്.
തുടക്കത്തിൽ കണ്ണൂർ വരെയാണെങ്കിലും ഭാവിയിൽ കാസർഗോഡ്, മംഗളൂരു, മുംബൈ വരെ പാത നീട്ടാനാകും. കാസർഗോട്ടുനിന്ന് പ്രതീക്ഷിക്കുന്ന പ്രതിദിന യാത്രക്കാരുടെ എണ്ണം കുറവായതിനാലാണ് നിലവിൽ കണ്ണൂർ വരെയാക്കിയത്. 70 ശതമാനം എലവേറ്റഡ് പാതയും 20 ശതമാനം തുരങ്കപാതയുമാണ്. വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചാകും കടന്നുപോവുക. സ്റ്റാൻഡേഡ് ഗേജിലാകും നിർമാണം. അതേസമയം, ഗുഡ്സ് ട്രെയിനുകൾക്ക് സർവീസുണ്ടാകില്ല. ഇപ്പോഴുള്ള പാതയുമായി കണക്ഷൻ ഉണ്ടാകില്ല. അഞ്ചുവർഷം കൊണ്ട് പദ്ധതി പൂർത്തിയാക്കാനാകും.
നിലവിൽ ട്രെയിനുകളുടെ എസി ചെയർ കാറുകളുടെ ഒന്നര മടങ്ങാണ് യാത്രാനിരക്ക് പ്രതീക്ഷിക്കുന്നത്. ആവശ്യമെങ്കിൽ ഓരോ അഞ്ച് മിനിറ്റിലും ട്രെയിനുകൾ ഓടിക്കാം. ഡൽഹിയിലെ റാപ്പിഡ് റെയിൽ ട്രാൻസിറ്റിനും സമാനമായ ട്രെയിനുകൾ ഉപയോഗത്തിലുണ്ട്. കോച്ചുകൾ ഇന്ത്യയിൽതന്നെ നിർമിക്കാനാകും. രാജ്യത്തെ അതിവേഗ റെയിൽ ശൃംഖല വ്യാപിക്കുന്പോൾ അത്തരം ട്രെയിനുകൾക്ക് ഈ പാതയിലൂടെ സഞ്ചരിക്കാം.
കുറഞ്ഞ തോതിലേ ഭൂമി ഏറ്റെടുക്കേണ്ടതുള്ളൂ. തുരങ്കപാതയുള്ളയിടങ്ങളിൽ ഭൂമി ഏറ്റെടുക്കേണ്ട. എലവേറ്റഡ് പാതയുള്ളയിടങ്ങളിൽ 20 മീറ്റർ വീതിയിൽ ഭൂമി മതി. നിർമാണത്തിനുശേഷം നിബന്ധനകളോടെ കൃഷിക്കോ മേച്ചിൽപ്പുറത്തിനോവേണ്ടി ഉടമകൾക്ക് പാട്ടത്തിന് ഭൂമി തിരികെ നൽകാം. അതിനാൽ ഭൂമി ഏറ്റെടുക്കുന്നതിനുള്ള എതിർപ്പ് കുറയും. കൊങ്കണ് റെയിൽവേ മാതൃകയിൽ പാതയ്ക്ക് ധനസഹായം ലഭിക്കും. റെയിൽവേയുടെ 51 ശതമാനം വിഹിതവും സംസ്ഥാനത്തിന്റെ 49 ശതമാനം വിഹിതവും ഉൾപ്പെടുന്ന ഒരു സ്പെഷൽ പർപ്പസ് വെഹിക്കിൾ രൂപീകരിക്കും. ഭൂമിയുടെ ചെലവ് സബോർഡിനേറ്റ് കടം വഴിയായിരിക്കുമെന്ന് ശ്രീധരൻ പറഞ്ഞു.
തെരഞ്ഞെടുപ്പിൽ ഇനി മത്സരിക്കാനില്ലെന്നും എല്ലാ സ്ഥാനങ്ങളിൽനിന്നും വിരമിച്ചിരിക്കുകയാണെന്നും ഇ. ശ്രീധരൻ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിച്ചു.
Tags : High speed rail Railway E. Sridharan