പത്തനംതിട്ട: ഹയർ സെക്കൻഡറി പരീക്ഷകൾ നടക്കുന്ന അതേദിവസം ഹൈസ്കൂൾ കുട്ടികളുടെ പരീക്ഷയും. സാധാരണ നിലയിൽ ഇത്തരത്തിൽ ക്രമീകരണം ഒഴിവാക്കുമായിരുന്നെങ്കിലും ഇത്തവണ പ്ലസ് വൺ, പ്ലസ്ടു പരീക്ഷകൾ നടക്കുന്ന രണ്ട് ദിവസങ്ങളിൽ ഒന്പതാം ക്ലാസ് കുട്ടികൾക്ക് വാർഷിക പരീക്ഷ നടക്കുന്നുണ്ട്.
ഹയർ സെക്കൻഡറിയിൽ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി സ്ക്രൈബ് എഴുതുന്നത് എട്ട്, ഒന്പത് ക്ലാസുകളിലെ കുട്ടികളാണ്. എന്നാൽ രണ്ടും പരീക്ഷകളും ഒരു ദിവസം നടത്തുന്നത് കുട്ടികളെ ബുദ്ധിമുട്ടിലാക്കും. ഹൈസ്കൂളിലും ഹയർ സെക്കൻഡറിക്കും ഒരേദിവസം പരീക്ഷ വരുന്നതോടെ മിക്ക സ്കൂളുകൾക്കും ക്ലാസ്മുറികളുടെ കുറവും അനുഭവപ്പെടും.
മാർച്ച് ആറിന് ഒന്പതാം ക്ലാസിലെ ഒന്നാം ഭാഷയുടെ വാർഷിക പരീക്ഷ നടക്കുന്പോൾ പ്ലസ്ടുവിന്റെ ഫിസിക്സ്, സോഷ്യോളജി, ആന്ത്രപ്പോളജി പരീക്ഷകളും നടക്കുന്നുണ്ട്. പത്തിനു രാവിലെ ഒന്പതാംക്ലാസിലെ ഒന്നാം ഭാഷ പേപ്പർ രണ്ട് പരീക്ഷയുണ്ട്. ഇതേ സമയം പ്ലസ്ടുവിന്റെ കെമിസ്ട്രി, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി, ബിസിനസ് സ്റ്റഡീസ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരീക്ഷകളുണ്ട്.
ടൈംടേബിൾ തയാറാക്കുന്പോൾ ഇത്തരം പ്രശ്നങ്ങൾ ശ്രദ്ധയിൽപെട്ടാൽ അപ്പോൾ തന്നെ പരിഹരിക്കാറുള്ളതാണ്. എന്നാൽ, ഇത്തവണ അതുണ്ടായില്ലെന്ന് അധ്യാപക സംഘടനകൾ ചൂണ്ടിക്കാട്ടി.
അടിയന്തരമായി ഒന്പതാം ക്ലാസ് പരീക്ഷയുടെ ടൈംടേബിൾ പുനഃക്രമീകരിച്ച് കുട്ടികൾക്കും സ്കൂൾ അധികൃതർക്കുമുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കണമെന്ന് എഎച്ച്എസ്ടിഎ സംസ്ഥാന സെക്രട്ടറി പി. ചാന്ദ്നി ആവശ്യപ്പെട്ടു.
Tags : Higher Secondary High School Exams same day