തിരുവനന്തപുരം: വാളയാറിൽ ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തിൽ ഛത്തീസ്ഗഡ് സ്വദേശി റാം നാരായണന് കൊല്ലപ്പെട്ട സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. മനുഷ്യാവകാശ കമ്മീഷൻ ചെയർമാർ ജസ്റ്റീസ് അലക്സാണ്ടർ തോമസ് സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടുകയായിരുന്നു.
പാലക്കാട് ജില്ലാ പോലീസ് മേധാവി സമഗ്രമായ അന്വേഷണം നടത്തി മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു. ക്രൈം രജിസ്റ്റർ ചെയ്തിട്ടുണ്ടോ, കുറ്റക്കാരുടെ പേരുവിവരങ്ങൾ, മരിച്ചയാളുടെ വിലാസം, കുറ്റക്കാർക്കെതിരെ സ്വീകരിച്ച നടപടികൾ എന്നിവ റിപ്പോർട്ടിലുണ്ടാവണം.
എഫ്ഐആറിന്റെ പകർപ്പ് ഹാജരാക്കണം. കേസിന്റെ നിലവിലെ സ്ഥിതി അറിയിക്കണം. പാലക്കാട് അട്ടപ്പള്ളത്ത് ബുധനാഴ്ച വൈകിട്ടാണ് സംഭവം.
ജില്ലാ പോലീസ് മേധാവിക്ക് വേണ്ടി ഡിവൈഎസ്പി റാങ്കിൽ കുറയാത്ത ഒരു മുതിർന്ന ഉദ്യോഗസ്ഥൻ ജനുവരി 27 രാവിലെ പത്തിന് ജസ്റ്റീസ് അലക്സാണ്ടർ തോമസ് പാലക്കാട് പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടത്തുന്ന സിറ്റിംഗിൽ നേരിട്ട് ഹാജരാകണം. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
Tags : Human Rights Commission investigation lynching walayar lynching