തിരുവനന്തപുരം: അതിദാരിദ്ര്യ നിർമാജനം ചരിത്രപരമായി പൂർത്തിയാക്കിയ സാഹചര്യത്തിൽ ഇനി ദാരിദ്ര്യ നിർമാർജനത്തിനാകും സർക്കാരിന്റെ ഉന്നമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
അതിദാരിദ്ര്യം അനുഭവിക്കുന്ന ഒരാളെങ്കിലും ഉണ്ടെന്നു പ്രതിപക്ഷമോ വിമർശനം ഉന്നയിച്ച ചിന്തകരോ കണ്ടെത്തിയാൽ അവരേയും അതിദാരിദ്ര്യമുക്തരാക്കാൻ നടപടി സ്വീകരിക്കും. യുഡിഎഫും കോണ്‍ഗ്രസും ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങൾ അതിദാരിദ്ര്യമുക്തമായി പ്രഖ്യാപനം നടത്തിയിരുന്നു. കഴിഞ്ഞ നാലര വർഷമായി എല്ലാ തദ്ദേശ സ്ഥാപനങ്ങളും അതിദാരിദ്ര്യമുക്തമായിട്ടും പ്രതിപക്ഷ നേതാവും പ്രതിപക്ഷവും എന്തുകൊണ്ട് ഇതുവരെ ഇതൊന്നും കണ്ടില്ല.
അമേരിക്കൻ പ്രസിഡന്റ് ട്രംപ് 2020ൽ ഗുജറാത്ത് സന്ദർശിച്ചപ്പോൾ ചേരികൾ കാണാതിരിക്കാൻ വൻമതിൽ കെട്ടി വേർതിരിച്ചവരാണ് അവിടുത്തെ ബിജെപി ഭരണകൂടം. ഇവിടെ അത്തരം നടപടികളൊന്നും നടന്നിട്ടില്ല. എല്ലാം സുതാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഒന്നാം പിണറായി സർക്കാർ ക്ഷേമപെൻഷൻ 1000 രൂപയായി ഉയർത്തുമെന്നായിരുന്നു പ്രഖ്യാപിച്ചത്. എന്നാൽ, അതിനു മുകളിൽ തുക ഉയർത്തി. കേരളത്തിനുള്ള സാന്പത്തിക ഉപരോധം കേന്ദ്രം അവസാനിപ്പിച്ച് തുക നൽകിയാൽ പ്രഖ്യാപിച്ച 2500 മാത്രമല്ല അതിനു മുകളിൽ 3,000 രൂപ വീതം പെൻഷൻ നൽകുമെന്നും ഗോവിന്ദൻ പറഞ്ഞു.
Tags : welfare pension