പത്തനംതിട്ട: പത്തനംതിട്ടയിൽ ഡിജെ ആർട്ടിസ്റ്റിന്റെ ലാപ്ടോപ്പ് പോലീസ് ഉദ്യോഗസ്ഥൻ ചവിട്ടി തെറിപ്പിച്ച സംഭവത്തില്‍ മുഖ്യമന്ത്രി അന്വേഷണത്തിനു നിർദേശം നല്കി. ക്രമസമാധാന ചുമതലയുള്ള എഡിജിപി അന്വേഷണം നടത്തും. പോലീസ് ഇടപെടലുമായി ബന്ധപ്പെട്ട് വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് അന്വേഷണം നടത്താൻ നിർദേശം നല്‍കിയത്.
സംഭവത്തിൽ പരാതിയുമായി മുന്നോട്ടുപോകാൻ താല്പര്യമില്ലെന്നാണ് ഡിജെ കലാകാരൻ അഭിരാം സുന്ദർ പറയുന്നത്. തനിക്ക് നീതി കിട്ടണമെന്നും കേരള പോലീസ് തനിക്ക് ലാപ്ടോപ്പ് വാങ്ങിത്തരണമെന്നുമാണ് അഭിരാമിന്റെ ആവശ്യം. കൂടാതെ തനിക്കെതിരെ ചുമത്തിയ കേസുകള്‍ പിൻവലിക്കണമെന്നും അഭിരാം ആവശ്യപ്പെട്ടു.
പോലീസ് അതിക്രമത്തില്‍ അഭിരാമിന്റെ ലാപ്ടോപ്പ് ഉള്‍പ്പെടെ തകർന്നിരുന്നു. ആഘോഷ പരിപാടികള്‍ നടക്കുന്നതിനിടെയായിരുന്നു സംഭവം. സ്റ്റേജിലേക്ക് കയറിയ പോലീസുകാരൻ ലാപ്ടോപ്പിന് ചവിട്ടുന്ന ദൃശ്യങ്ങള്‍ അടക്കം അഭിരാം സുന്ദർ ഇൻസ്റ്റഗ്രമില്‍ പങ്കുവച്ചു. എന്നാൽ അടി ഉണ്ടായതോടെയാണ് ഇടപെട്ടതെന്നാണ് പത്തനംതിട്ട പോലീസിന്റെ വിശദീകരണം.
Tags : police kicked smashed DJ artist's laptop Chief Minister orders investigation