കണ്ണൂർ: കേരളചരിത്രത്തിന്റെ ഭൂപ്രകൃതിയും അസന്തുലിതാവസ്ഥയും ചർച്ച ചെയ്ത് തലശേരിരിയിൽ നടക്കുന്ന ഇന്ത്യൻ ചരിത്രകോൺഗ്രസിന്റെ രണ്ടാം ദിനം.
‘കേരളചരിത്രത്തിന്റെ ഭൂപ്രകൃതികൾ: ചരിത്രപരമായ തുടർച്ചകളും വിച്ഛേദങ്ങളും’ എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ച ചരിത്ര പരിണാമത്തിൽ ലിംഗപരമായ അസന്തുലിതാവസ്ഥ വിശകലനം ചെയ്തു. തൊഴിൽ, സംസ്കാരം, കല തുടങ്ങി വിവിധ മേഖലകളിൽ സ്ത്രീയുടെ അടയാളപ്പെടുത്തലുകൾ എവിടെ നിലച്ചുവെന്ന ചർച്ച സജീവമായിരുന്നു.
‘തൊഴിൽ മേഖലയിലെ അതിരുകളിൽ നില്ക്കുന്ന സ്ത്രീകൾ: അനിശ്ചിതത്വം, പ്രതിരോധം, അവകാശരാഷ്ട്രീയം’ എന്ന വിഷയത്തിൽ ഐഐടി മദ്രാസ് ഹ്യൂമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസ് വിഭാഗത്തിലെ പ്രഫ. ബിനിത തമ്പി ചർച്ചയ്ക്കു തുടക്കമിട്ടു. 2011ലെ സ്വകാര്യ ആശുപത്രി നഴ്സുമാരുടെ സമരം 2015 ലെ പൊമ്പളൈ ഒരുമൈ എന്നിവയെ അടിസ്ഥാനമാക്കിയാണ് സ്ത്രീകൾ തൊഴിൽ മേഖലയിൽ നേരിടുന്ന ചൂഷണങ്ങൾ അവർ വിശകലനം ചെയ്തത്.
എസ്ആർഎം സർവകലാശാല, അമരാവതിയിലെ ഡോ. ലക്ഷ്മി ചന്ദ്രൻ പ്രകൃതി ലിംഗബോധം ഭൗമസങ്കല്പം: സാഹിത്യ സംസ്കാരത്തിലെ മധ്യകാല കേരളത്തിന്റെ പരിസ്ഥിതി ചരിത്രങ്ങൾ’ എന്ന വിഷയത്തിലാണ് പ്രബന്ധം അവതരിപ്പിച്ചത്. മധ്യകാല കേരളത്തിന്റെ സാഹിത്യ സംസ്കാരങ്ങളിൽ പ്രതിഫലിക്കുന്ന ലിംഗബോധം, പ്രകൃതി, മനുഷ്യ ഇടപെടൽ എന്നിവയുടെ സങ്കീർണതകളെ വിമർശനാത്മകമായി വിശകലനം ചെയ്യുന്നതാണ് പഠനം.
മണിപ്രവാള പാരമ്പര്യത്തിലെ വിവിധ സാഹിത്യശൈലികൾ പ്രകൃതിയെ എങ്ങനെ നിർമിക്കുന്നു, ചർച്ച ചെയ്യുന്നു, സങ്കൽപ്പിക്കുന്നു എന്നതും മനുഷ്യരും പരിസ്ഥിതിയും തമ്മിലുള്ള ബന്ധങ്ങളെ അവ എങ്ങനെ അവതരിപ്പിക്കുന്നു എന്നതുമാണ് ഈ പഠനം പരിശോധിക്കുന്നത്. സന്ദേശകാവ്യം, ചമ്പൂകാവ്യം എന്നിവ ഉൾപ്പെടെയുള്ള മണിപ്രവാളം സാഹിത്യസ്രോതസുകളിൽ പ്രദേശങ്ങളുടെയും ഉപപ്രദേശങ്ങളുടെയും ഭൂമിശാസ്ത്ര സവിശേഷതകൾ എങ്ങനെ പ്രതിനിധീകരിക്കപ്പെടുന്നു എന്നും പഠനം അന്വേഷിക്കുന്നു.
ബംഗളൂരുവിലെ ക്രൈസ്റ്റ് യൂണിവേഴ്സിറ്റി അസി. പ്രഫസർ ഡോ. അന്ന വർഗീസ് അവതരിപ്പിച്ച പ്രബന്ധം ‘കേരളത്തിന്റെ കരകൗശലവിദ്യയും ശില്പിസമൂഹങ്ങളും: ലിംഗപരമായ വിശകലനം’എന്ന വിഷയത്തിലായിരുന്നു. കേരളത്തിലെ കൈത്തൊഴിൽ മേഖലകളിലും കരകൗശല സമൂഹങ്ങളിലുമുള്ള സ്ത്രീകളുടെ ചരിത്രമാണ് ഡോ. അന്ന വർഗീസ് ഈ പ്രബന്ധത്തിലൂടെ അന്വേഷിക്കുന്നത്.
മധ്യകാല കേരളത്തിലെ ശിലാലേഖന സ്രോതസുകളിൽ കാണപ്പെടുന്ന ഐങ്കുടി കമ്മാളർ എന്ന സമൂഹത്തെ സംബന്ധിച്ച പരാമർശങ്ങളിൽ സ്ത്രീകളുടെ സാന്നിധ്യം മനഃപൂർവം ഒഴിവാക്കിയിട്ടുണ്ടോ എന്നതിനെക്കുറിച്ചുള്ള അന്വേഷണമാണ് ഈ പ്രബന്ധം ലക്ഷ്യമിടുന്നത്.
കേരളത്തിലെ ദൈനംദിന ജീവിതത്തെ രൂപപ്പെടുത്തുന്നതിൽ പിതൃസത്താധിഷ്ഠിതവും വർഗ പരവുമായും ജാതി അടയാളപ്പെടുത്തപ്പെട്ടതുമായ പുരുഷത്വ ആശയങ്ങൾ എങ്ങനെ പ്രവർത്തി ക്കുന്നു എന്നതിനെക്കുറിച്ച് കേരള സർവകലാശാലയിലെ പിഎച്ച്ഡി ഗവേഷകനായ എൻ.എസ്. അനാസ് തയാറാക്കിയ പഠനം വ്യക്തമാക്കുന്നു. എന്നാൽ കേരളത്തിന്റെ സമകാലിക ഡിജിറ്റൽ സാംസ്കാരിക ഭൂപ്രകൃതി ഇത്തരം ആധിപത്യ രൂപങ്ങളിൽ നിന്ന് വ്യക്തമായൊരു വഴിത്തിരിവ് സൂചിപ്പിക്കുന്നു. തിരുവനന്തപുരം ഓൾ സെയിന്റ്സ് കോളജിലെ അസോ. പ്രഫസർ ഡോ. പാർവതി മേനോനായിരുന്നു പാനലിന്റെ അധ്യക്ഷ.
Tags : Indian History Congress geography imbalance Kerala history discussed