പൊടിമറ്റം (കാഞ്ഞിരപ്പള്ളി): സുഭിക്ഷ ഭാരതത്തിന് സുരക്ഷിത ഭക്ഷണം ഒരുക്കാൻ പഞ്ചവത്സര പദ്ധതി പ്രഖ്യാപിച്ച് ഇന്‍ഫാം. രജതജൂബിലി സമാപനത്തോടനുബന്ധിച്ചാണ് സംഘടനാംഗങ്ങളെ ഒരുമിച്ചുചേര്‍ത്ത് പച്ചപ്പൊലിമ എന്ന പഞ്ചവത്സര പദ്ധതി പ്രഖ്യാപിച്ചത്. പദ്ധതിരേഖയുടെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു. ‘സുഭിക്ഷ ഭാരതത്തിന് സുരക്ഷിത ഭക്ഷണം ഒരുക്കുക’ എന്നതാണ് പച്ചപ്പൊലിമ പഞ്ചവത്സര പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഇൻഫാം ദേശീയ ചെയര്മാന് ഫാ. തോമസ് മറ്റമുണ്ടയില്‍ ആമുഖപ്രഭാഷണത്തില്‍ പറഞ്ഞു.
അഞ്ചു വര്‍ഷത്തിനുള്ളില്‍ കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലുമായി നടപ്പാക്കാന്‍ വിവിധ കര്‍മപദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്. മണ്ണ് സംരക്ഷണത്തിനായി ഭൂമി പുനര്‍ജനി പദ്ധതിയും ധരണീ സമൃദ്ധി പദ്ധതിയും, ഭക്ഷ്യ സുഭിക്ഷതയ്ക്കായി കേരഗ്രാമം, മധു ഗ്രാമം (ഹണി വില്ലേജ്), ധാന്യഗ്രാമം, ക്ഷീരഗ്രാമം, ഫലഗ്രാമം എന്നിവ 500 ഗ്രാമങ്ങള്‍ വീതവും, പച്ചക്കറികളുടെ സമൃദ്ധിക്കുവേണ്ടി ഒരു ലക്ഷം കുടുംബങ്ങളില്‍ അടുക്കളത്തോട്ടം പദ്ധതിയും നടപ്പാക്കും.
കൂടാതെ, കാര്‍ഷിക വിളകളുടെ സംഭരണത്തിനും സംസ്കരണത്തിനും മൂല്യവര്‍ധനയ്ക്കുള്ള മാര്‍ഗങ്ങള്‍ വിവിധ സംസ്ഥാനങ്ങളിലുള്ള കാര്‍ഷികജില്ലകളുടെ നേതൃത്വത്തില്‍ സാമൂഹ്യ സന്നദ്ധ സംഘടനകള്‍ വഴിയും സമാന സ്വഭാവമുള്ള സ്ഥാപനങ്ങള്‍ വഴിയും നടപ്പിലാക്കും. മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ വിപണനത്തിനുവേണ്ടി കേരളത്തില്‍ 250 ഇന്‍ഫാം മാര്‍ട്ടുകളും നൂറില്‍പരം ഇന്‍ഫാം അഗ്രി മാര്‍ട്ടുകളും ആരംഭിക്കും. സംസ്ഥാന തലത്തിലും അന്തര്‍സംസ്ഥാന തലത്തിലും നിലവിലുള്ള വ്യാപാര -വിപണന ശൃംഖലകളുമായി ഇന്‍ഫാമിന്റെ കിസാന്‍ ദോസ്ത് പദ്ധതിപ്രകാരം കൈകോര്‍ക്കാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതായും ഫാ. തോമസ് മറ്റമുണ്ടയില്‍ പറഞ്ഞു.
കിസാന്‍ കാര്‍ണിവലും പൊതുസമ്മേളനവും അടക്കം വിപുലമായ ആഘോഷപരിപാടികളാണ് ഇൻഫാം രജതജൂബിലി സമാപനത്തോടനുബന്ധിച്ച് ഇന്നലെ കാഞ്ഞിരപ്പള്ളിയിൽ സംഘടിപ്പിച്ചത്.
മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ, മുഖ്യമന്ത്രി പിണറായി വിജയൻ, കെ.സി. വേണുഗോപാൽ എംപി, ബിഷപ്പുമാരായ മാർ ജോസ് പുളിക്കൽ, മാർ റെമീജിയോസ് ഇഞ്ചനാനിയിൽ, മാർ മാത്യു അറയ്ക്കൽ, എംപിമാരായ ജോസ് കെ. മാണി, ആന്റോ ആന്റണി, മന്ത്രി വി.എൻ. വാസവൻ, ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ തുടങ്ങിയവർ പങ്കെടുത്തു.
Tags : Infam Silver Jubilee safe food five year plan