തൃശൂർ: ഭിന്നശേഷി സംവരണത്തിൽ അധ്യാപകരോടു സംസ്ഥാന സർക്കാർ കടുത്ത അനീതി കാട്ടുന്നുവെന്ന് ഇരിങ്ങാലക്കുട രൂപതാധ്യക്ഷൻ മാർ പോളി കണ്ണൂക്കാടൻ.
കേരളത്തിലെ ഇതര മാനേജ്മെന്റുകളോട് അനുഭാവ സമീപനം പുലർത്തുന്പോൾ ക്രൈസ്തവ മാനേജ്മെന്റുകളെ ശത്രുപക്ഷത്തു നിർത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഭിന്നശേഷി സംവരണത്തിലെ നീതിനിഷേധത്തിനെതിരേ കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് കോർപറേഷൻ ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച യാചനാസമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്.
സുപ്രീം കോടതി ഉത്തരവനുസരിച്ച് എൻഎസ്എസ് മാനേജ്മെന്റിനു മാത്രമായി ഭിന്നശേഷി വിഷയത്തിൽ അനുകൂല ഉത്തരവിട്ടപ്പോൾ മറ്റു മാനേജ്മെന്റുകളെ സൗകര്യപൂർവം ഒഴിവാക്കി. അനീതിക്കെതിരേ സമരംചെയ്യുന്ന കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് ഉൾപ്പെടെയുള്ള അധ്യാപകസമൂഹത്തിനു കേരള മെത്രാൻ സമിതിയുടെ മുഴുൻ പിന്തുണയുമുണ്ടെന്നും മാർ കണ്ണൂക്കാടൻ പറഞ്ഞു.
ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന പ്രസിഡന്റ് ടോം മാത്യു, ഫാ. ഫ്രാൻസിസ് പള്ളിക്കുന്നത്ത്, രാജേഷ് ജോസ്, എ.ഡി. സാജു, ബിജു പി. ആന്റണി, എൻ.പി. ജാക്സണ്, ജോഫി മഞ്ഞളി, ജെലിപ്സ് പോൾ, ബിൻസി കാരേക്കാട്ട് എന്നിവർ പ്രസംഗിച്ചു.
Tags : Mar Poli Kannukkadan reservation minorities: Injustice