കൊച്ചി: ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ക്രൈസ്തവ സഭകളുടെ നേതൃസംഗമവും പഠനശിബിരവും 18ന് പാലാരിവട്ടം പിഒസിയില്‍ നടക്കും.
ഉച്ചകഴിഞ്ഞു 2.30ന് ആരംഭിക്കുന്ന സമ്മേളനം കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്യും.ഇന്റര്‍ ചര്‍ച്ച് കൗണ്‍സിൽ ചെയര്മാന് കര്‍ദിനാള്‍ മാർ ജോര്‍ജ് ആലഞ്ചേരി അധ്യക്ഷത വഹിക്കും.
സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് മാർ റാഫേല്‍ തട്ടില്‍ അനുഗ്രഹ പ്രഭാഷണം നടത്തും. മെത്രാപ്പോലീത്തമാരായ സിറില്‍ മാര്‍ ബസേലിയോസ്, മാര്‍ ഔഗിന്‍ കുര്യാക്കോസ്, ജോസഫ് മാര്‍ ബര്‍ണബാസ്, യാക്കൂബ് മാര്‍ ഐറേനിയസ്, കുര്യാക്കോസ് മാര്‍ സേവേറിയോസ്, മാത്യൂസ് മാര്‍ അപ്രേം, ബിഷപ്പുമാരായ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, റവ. കുര്യന് പീറ്റര്‍ എന്നിവര്‍ പ്രസംഗിക്കും. റവ. ഡോ. എ. ജോണ്‍ ഫിലിപ്പ് പ്രബന്ധം അവതരിപ്പിക്കും.
എഡി 325ല്‍ ഇന്നത്തെ തുര്‍ക്കിയിലെ നിഖ്യായിൽ നടന്ന ആദ്യത്തെ സാര്‍വത്രിക സുന്നഹദോസിന്റെ പതിനേഴാം ശതാബ്ദി ആചരണത്തോടനുബന്ധിച്ചാണ് സമ്മേളനം നടത്തുന്നതെന്ന് ഇന്റർ ചർച്ച് കൗൺസിൽ സെക്രട്ടറി മാർ ഔഗിൻ കുര്യാക്കോസ് മെത്രാപ്പോലീത്ത, പ്രോഗ്രാം കമ്മിറ്റി സെക്രട്ടറി റവ. ഡോ. ഫിലിപ്പ് നെൽപുരപറമ്പിൽ, ജോയിന്റ് സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
Tags : Inter Church Council Leadership Meeting Study Camp Cardinal cleemis bava Cardinal George Alanchery