സുൽത്താൻ ബത്തേരി: പ്രളയം തകർത്ത പറവൂരിനെ റീബിൽഡ് ചെയ്തതിനാണ് പുനർജനിക്കെതിരേ അന്വേഷണം നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും തന്നെ അറസ്റ്റ് ചെയ്യിക്കണമെന്നുമാണ് സിപിഎമ്മും സർക്കാരും ആഗ്രഹിക്കുന്നതെങ്കിൽ അതു ചെയ്യട്ടെ. രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് പ്രതിപക്ഷ നേതാവ് ബത്തേരിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട് ആദ്യം പരാതി നൽകിയത് ഹൈക്കോടതിയിലാണ്. എന്നാൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് നോട്ടീസ് പോലും അയയ്ക്കാതെ പരാതി തള്ളി. പിന്നീട് ഡിവിഷൻ ബെഞ്ചും ഹർജി തള്ളി. ഈ പരാതിയിലാണ് പിന്നീട് വിജിലൻസ് അന്വേഷണം ആരംഭിച്ചത്. വിഷയം ജയിംസ് മാത്യു നിയമസഭയിൽ കൊണ്ടുവന്നപ്പോൾ താൻ മറുപടി നൽകുകയും വിജിലൻസിനെ കൊണ്ട് അന്വേഷിപ്പിക്കാൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെടുകയും ചെയ്തു.
ഒന്നും ഇല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് വിജിലൻസും അന്വേഷണം അവസാനിപ്പിച്ചു. വീണ്ടും ഒരാളിൽനിന്ന് പരാതി എഴുതി വാങ്ങി വിജിലൻസ് അന്വേഷണം ആരംഭിച്ചു. എഫ്സിആർഎ അക്കൗണ്ടുമായി ബന്ധപ്പെട്ടാണ് ആരോപണം ഉയർന്നത്. അതാകട്ടെ മണപ്പാട് ഫൗണ്ടേഷന്റേതാണ്. എല്ലാ വർഷവും ആ അക്കൗണ്ട് കേന്ദ്ര സർക്കാർ പരിശോധിച്ച് കൃത്യതയും വ്യക്തതയും ഉറപ്പാക്കുന്നുണ്ട്.
വീടോ തയ്യൽ മെഷീനോ ഉൾപ്പെടെയുള്ള ജീവനോപാധികൾ ആവശ്യമായ, തങ്ങൾ കണ്ടെത്തിയ ഗുണഭോക്താക്കളെ ഡോണർ നേരിട്ടാണ് സഹായിക്കുന്നത്. അക്കൗണ്ടോ ഫണ്ടോ പണപ്പിരിവോ നടത്താത്ത ഫെലസിലിറ്റേറ്റർ മാത്രമാണ് പുനർജനി. ഗുണഭോക്താക്കൾക്ക് പണം കിട്ടി എന്ന് ഉറപ്പാക്കാൻ അവരുടെ ഐഡി കാർഡിന്റെയും ബാങ്ക് ചെക്കിന്റെയും പകർപ്പ് ഉൾപ്പെടെ സൂക്ഷിച്ച് വച്ചിട്ടുണ്ട്. എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് എല്ലാം ചെയ്തത്. തനിക്കെതിരേ എന്തെങ്കിലും ഉണ്ടെങ്കിൽ എപ്പോഴെ അവർ അത് ഉപയോഗിച്ചേനെ. വേണമെങ്കിൽ ഇനിയും അന്വേഷിക്കട്ടെ.
ബർമിംഗ്ഹാമിൽ പോയപ്പോൾ പുനർജനി മോഡൽ അവതരിപ്പിക്കാൻ ആവശ്യപ്പെട്ടു. നിങ്ങൾ 500 പൗണ്ട് തന്നാൽ അത് ഗുണഭോക്താവിലേക്ക് എങ്ങനെ എത്തിക്കുമെന്നതിന്റെ മോഡലാണ് അവിടെ വിശദീകരിച്ചത്. അതിനെയാണ് ഞാൻ 500 പൗണ്ട് സംഭാവന ചോദിച്ചു എന്നാക്കിയത്. ഉഷ കമ്പനിയുമായി കരാറുണ്ടാക്കി രണ്ടായിരത്തോളം മെഷീനുകൾ വിതരണം ചെയ്തു. വെള്ളം കയറി വീടുകൾ നശിച്ച 1600 പേർക്ക് 5000 രൂപ മുതൽ അമ്പതിനായിരം രൂപ വരെ നൽകി. 50 ടണ്‍ കാലിത്തീറ്റ വിതരണം ചെയ്തു. സ്പോണ്‍സർമാരെ ഉപയോഗിച്ച് പറവൂർ നിയോജകമണ്ഡലത്തെ റീബിൽഡ് ചെയ്തു. അങ്ങനെ ചെയ്തതിനാണ് ഈ അന്വേഷണം. മാർച്ച് ഒന്നിന് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് ജനുവരി നാലിന് വാർത്ത വന്നത്. വാസ്തവം പുറത്ത് കൊണ്ടുവന്നതിന് മാധ്യമങ്ങളോട് നന്ദി പറയുന്നു-സതീശൻ പറഞ്ഞു.
Tags : V.D. Satheesan Investigation Punarjani rebuilding Paravur