മുണ്ടക്കയത്ത് ടൂറിസ്റ്റ് ബസിനു തീപിടിച്ചപ്പോൾ.
കൊച്ചി: ഷോര്‍ട്ട് സര്‍ക്യൂട്ട് എന്ന ഒറ്റക്കാരണത്തില്‍ ഒതുക്കാനുള്ളതല്ല വാഹനങ്ങള്‍ കത്തി നശിക്കുന്ന സംഭവങ്ങള്‍... പ്രത്യേകിച്ചും കേരളത്തില്‍ അത് ഒറ്റപ്പെട്ട സംഭവം അല്ലാതെ ആകുമ്പോള്‍. ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങള്‍ കത്തിനശിക്കുന്നത് പലപ്പോഴും വന്‍ ദുരന്തമാണ് സൃഷ്ടിക്കാറുള്ളത്. വണ്ടികളില്‍ തീ ആളിപ്പടരുകയും കത്തിനശിക്കുകയും ചെയ്യുന്ന അപകടങ്ങള്‍ കേരളത്തില്‍ വർധിച്ചു വരികയാണ്. വാഹനങ്ങള്‍ ഇങ്ങനെ കത്തി നശിക്കുന്നതിന്‍റെ പ്രധാന കാരണം അശാസ്ത്രീയമായ കൂട്ടിച്ചേര്‍ക്കലുകളാണ്. അണ്‍ ഓഥറൈസ്ഡ് ആയ ഓള്‍ട്ടറേഷന്‍ ആണ് വാഹനങ്ങള്‍ കത്തി നശിക്കാന്‍ കാരണമാകുന്നതെന്നാണ് കൊച്ചിയിലെ എംവിഡി ഉദ്യോഗസ്ഥര്‍ ദീപിക ഓണ്‍ലൈനോടു പ്രതികരിച്ചത്.
നിലവാരം കുറഞ്ഞാൽ
ഒരുപാട് ടെസ്റ്റുകള്‍ കഴിഞ്ഞാണ് വണ്ടിയുടെ മാനുഫാക്ചറിംഗ് നടക്കുന്നത്. ഫയര്‍ ടെസ്റ്റ്, കൊളീഷന്‍ ടെസ്റ്റ് ഉള്‍പ്പെടെ നടത്തും. ഇങ്ങനെ ടെസ്റ്റുകള്‍ ഒക്കെ കഴിഞ്ഞു വരുന്ന വണ്ടികള്‍ സാധാരണയായി കത്തി നശിക്കാന്‍ സാധ്യതയില്ല. വാഹനങ്ങളില്‍ അശാസ്ത്രീയമായി കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തുമ്പോള്‍ ഉപയോഗിക്കുന്ന വയറിംഗും നിലവാരം കുറഞ്ഞ സാധനങ്ങള്‍ ഉപയോഗിക്കുന്നതും ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടാക്കാനും വണ്ടി കത്തി നശിക്കാനും സാധ്യത കൂട്ടുകയാണ്. ഡിസി കറന്‍റ് സിസ്റ്റം ആണ് വാഹനങ്ങളില്‍ ഉപയോഗിക്കുന്നത്. 12 വാള്‍ട്ട് ആണെങ്കില്‍ പോലും സ്പാര്‍ക്ക് ഉണ്ടാക്കാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് സ്റ്റാന്‍ഡേര്‍ഡ് ഇല്ലാത്ത വയറിംഗ് ചെയ്തു കഴിഞ്ഞാല്‍ വാഹനം കത്താനുള്ള സാധ്യതയുണ്ട്.
ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
മ്യൂസിക് സിസ്റ്റം, ആക്സസറികള്‍, പവര്‍ വിന്‍ഡോസ്, ഹോണുകള്‍ തുടങ്ങി പല മോഡിഫിക്കേഷനുകള്‍ നടത്തുമ്പോഴും വാഹനങ്ങളുടെ നിലവിലെ വയറിംഗ് കട്ട് ചെയ്തും നിലവാരം കുറഞ്ഞ വയറുകള്‍ കൂട്ടിച്ചേര്‍ത്തും പിടിപ്പിക്കുന്നുണ്ട്. ഇതു ഷോര്‍ട്ട് സര്‍ക്യൂട്ടിനു കാരണമാകും. മാത്രമല്ല, ഫൂവല്‍ ലൈനുകള്‍ ശരിയായ രീതിയില്‍ സംരക്ഷിക്കാതിരുന്നാല്‍ വാഹനത്തില്‍നിന്നു ഫ്യൂവല്‍ ലീക്ക് ആയി എന്‍ജിന്‍റെ ചൂടുള്ള ഭാഗത്തു വീണാല്‍ തീ പിടിക്കാനുള്ള സാധ്യതയുണ്ട്. കമ്പ്രസ്ഡ് ഗ്യാസ് കാനുകളും വണ്ടിക്കുള്ളില്‍ വയ്ക്കാന്‍ പാടില്ല. പ്രഷര്‍ കൂടി പൊട്ടിത്തെറിക്കാനുള്ള സാധ്യത കൂടുതലാണ്. പുതിയ വണ്ടികള്‍ കര്‍ക്കശമായ ടെസ്റ്റുകള്‍ കഴിഞ്ഞാണ് വിപണിയില്‍ വരുന്നത്. അതു ഫയര്‍ പ്രൂഫുമാണ്. അനധികൃതമായ രൂപമാറ്റം വരുത്തന്നതാണ് കൂടുതലായും വണ്ടികള്‍ കത്തി നശിക്കാന്‍ കാരണമാകുന്നത്.

കണ്ടുപിടിക്കാൻ ബുദ്ധിമുട്ട്
പുതിയ വണ്ടികള്‍ കത്തി നശിച്ചതായുള്ള കേസുകള്‍ അധികം വന്നിട്ടില്ല. ഏഴോ എട്ടോ വര്‍ഷങ്ങള്‍ ഉപയോഗിച്ച വാഹനങ്ങള്‍ കത്തിനശിച്ച വാര്‍ത്തയാണ് വരുന്നത്. എന്നാല്‍. ചിലപ്പോള്‍ പുതിയ വാഹനങ്ങളും കത്തി നശിക്കുന്നതായി കണ്ടിട്ടുണ്ട്. മാനുഫാക്ചറിംഗ് ഡിഫക്ട് അല്ല അതിനു കാരണം എന്നാണ് തോന്നിയത്. മെയിന്‍റനന്‍സിന്‍റെ ഒക്കെ അപര്യാപ്തത കൊണ്ടായിരിക്കാം ഇങ്ങനെ സംഭവിക്കുന്നത്. റോഡ് സേഫ്റ്റി ക്ലാസുകളില്‍ എല്ലാം അവബോധം നല്‍കുന്നുണ്ട്. മോഡിഫിക്കേഷന്‍ ചെയ്യരുതെന്നും പലതവണ പറഞ്ഞിട്ടുണ്ട്. വാഹനങ്ങളില്‍ കത്തിപ്പിടിക്കാനുള്ള ഒരുപാട് ഘടകങ്ങളുണ്ട്. അതിനാല്‍ എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചുവെന്നു മനസിലാക്കാന്‍ പോലും കഴിയാത്ത വിധത്തിലായിരിക്കും പലപ്പോഴും തീപിടിത്തം. ഫോറന്‍സിക് പരിശോധനയില്‍ പോലും എന്തെങ്കിലും തരത്തില്‍ ഓള്‍ട്ടറേഷന്‍ നടത്തിയിട്ടുണ്ടോ എന്നൊന്നും കണ്ടുപിടിക്കാന്‍ പറ്റാത്ത അവസ്ഥയായിരിക്കുമെന്നും എംവിഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വയറുകള്‍ കട്ട് ചെയ്തു കളയല്ലേ...:
വര്‍ക്ക് ഷോപ്പ് ഉടമകള്‍ പറയുന്നു
കൂടുതല്‍ മോഡിഫിക്കേഷന്‍ ചെയ്യാനായി വണ്ടിയില്‍ വയറുകള്‍ കട്ട് ചെയ്ത് എടുത്തു കഴിഞ്ഞാല്‍ പെട്ടെന്നു ഷോര്‍ട്ട് സര്‍്യൂട്ട് ഉണ്ടാവുകയും തീപിടിത്തത്തിനു കാരണമാവുകയും ചെയ്യും. വയറിംഗിന്‍റെ എന്തെങ്കിലും പ്രശ്‌നങ്ങള്‍ വന്നാല്‍ അതു സര്‍വീസ് ചെയ്യാതെ സ്വയം പരിഹരിക്കാന്‍ നോക്കുന്നതും ഇത്തരം അപകടങ്ങള്‍ക്കു കാരണമാകും
- അന്‍വര്‍, വര്‍ക്ക്‌ഷോപ് ഉടമ (കൊച്ചി).
വയറിംഗിന്‍റെ പിശകുകള്‍ കൊണ്ടാണ് അങ്ങനെയൊക്കെ സംഭവിക്കുന്നത്. എക്‌സ്ട്രാ ഫിറ്റിംഗ് ഒക്കെ ചെയ്യുമ്പോള്‍ വയറിംഗിനു ഷോര്‍ട്ട് വന്നാല്‍ തീപിടിത്തത്തിനു കാരണമാകും
- നിസാര്‍, വര്‍ക്ക്‌ഷോപ് ഉടമ (കൊച്ചി).
Tags : vehicles catch fire fire accident MVD kochi vehicles reason short circuit