കൊച്ചി: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കക്ഷിരാഷ്ട്രീയ ചിന്തകള്‍ക്കതീതമായി പ്രശ്നാധിഷ്ഠിതവും മൂല്യാധിഷ്ഠിതവുമായ നിലപാടിന് ആഹ്വാനം ചെയ്ത് ലത്തീന്‍ കത്തോലിക്ക മെത്രാന്‍സമിതി.
ജനാധിപത്യത്തെ കൂടുതല്‍ സജീവമാക്കാനും ശക്തിപ്പെടുത്താനും എല്ലാ ജനവിഭാഗങ്ങള്‍ക്കും സന്തുലിതമായ രീതിയില്‍ അധികാരത്തില്‍ പങ്കാളിത്തവും ആനുപാതികവുമായ പ്രാതിനിധ്യവും ലഭിക്കണം. തദ്ദേശ തെരഞ്ഞെടുപ്പ് ഏറെ പ്രാധാന്യമുള്ളതാണെന്നും ഡിസംബർ ഏഴിലെ ലത്തീന്‍ കത്തോലിക്കാ ദിനാചരണത്തിന്റെ ഭാഗമായി കെആർഎൽസിബിസി പ്രസിദ്ധീകരിച്ച ഇടയലേഖനത്തിൽ വ്യക്തമാക്കി.
ജെ.ബി. കോശി കമ്മീഷന് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാനോ ശിപാര്‍ശകള്‍ നടപ്പിലാക്കാനോ സര്‍ക്കാര്‍ മുതിരുന്നില്ലെന്നതു ഖേദകരമാണ്. ചില ശിപാര്‍ശകള്‍ നടപ്പിലാക്കിയെന്നു ഭരണതലത്തില്‍നിന്ന് പ്രഖ്യാപിക്കപ്പെടുന്നുണ്ടെങ്കിലും അവയെ സംബന്ധിച്ച ഒരു വ്യക്തതയും വിവരങ്ങളും ലഭ്യമാക്കാനും സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.
വിവിധ പ്രദേശങ്ങളിലെ ലത്തീന്‍ കത്തോലിക്കര്‍ക്ക് സമുദായ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതില്‍ അനുഭവിക്കുന്ന പ്രതിസന്ധി ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല. പ്രതിബന്ധങ്ങളില്ലാതെ യഥാസമയം ലത്തീന്‍ കത്തോലിക്കര്‍ക്കു സര്‍ട്ടിഫിക്കറ്റ് ലഭ്യമാകുന്നതിന് ആവശ്യമായ വ്യക്തത വരുത്തി ഒരു സ്പഷ്ടീകരണ ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിക്കേണ്ടതുണ്ട്.
തീരദേശത്തെ നിരവധിയായ പ്രശ്നങ്ങള്‍ ഇന്നും പരിഹരിക്കപ്പെടാതെ തുടരുന്നു. മലയോരമേഖലയാകെ ഭീതിയിലാണ്. വന്യമൃഗങ്ങളുടെ ആക്രമണത്തെ പ്രതിരോധിക്കാനാകാതെ ഭരണസംവിധാനങ്ങള്‍ നിസംഗരാകുകയാണ്.
മുനമ്പത്തെ ഭൂമിയുടെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ ഹൈക്കോടതി ഈയിടെ പ്രഖ്യാപിച്ച വിധിയെയും തുടര്‍ന്ന് സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളെയും പ്രതീക്ഷയോടെയാണ് കാണുന്നതെന്നും ഇടയലേഖനം ചൂണ്ടിക്കാട്ടുന്നു.
കെആര്‍എല്‍സിബിസി പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍, വൈസ് പ്രസിഡന്റ് ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍, സെക്രട്ടറി ജനറല്‍ ബിഷപ് ഡോ. ആർ. ക്രിസ്തുദാസ് എന്നിവര്‍ ചേര്‍ന്നാണ് ഇടയലേഖനം പുറപ്പെടുവിച്ചിരിക്കുന്നത്. 30ന് ലത്തീന്‍ ഇടവകകളിൽ ഇതു വായിക്കും.
Tags : KRLCBC Latin Catholic Bishops Conference Kerala local body election