കണ്ണൂർ: പിണറായിയിൽ ബോംബ് സ്ഫോടനമല്ല ഉണ്ടായതെന്നും ചരട് കെട്ടിയുണ്ടാക്കിയ പടക്കത്തിൽ ചരടിന്റെ കെട്ട് മുറുകിപ്പോയതിനാൽ ഉണ്ടായ അപകടമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജൻ. കണ്ണൂരിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. പടക്കമുണ്ടാക്കുന്നതു പരിചയമുള്ളവരല്ലെങ്കിൽ അപകടമുണ്ടാകും.
അങ്ങനെയുണ്ടായ അപകടമാണ്. അതിനെ ബോംബ് സ്ഫോടനമെന്നും ആക്രമണമെന്നും പ്രചരിപ്പിച്ച് സമാധാനാന്തരീക്ഷം തകർക്കരുതെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ സമാധാന അന്തരീക്ഷം കൂടുതൽ ശക്തിപ്പെടുത്തണം. വാക് പോരും ചെറിയ സംഘർഷങ്ങളും ഒഴിവാക്കിയാൽ താരതമ്യേന സംഘർഷം കുറഞ്ഞ തെരഞ്ഞെടുപ്പായിരുന്നു നടന്നത്.
കണ്ണൂരിനെ കളങ്കപ്പെടുത്താൻ വ്യാജ പ്രചാരണങ്ങൾ നേരത്തേ നടന്നിരുന്നു. ഒരു പാട്ടിൽ കലങ്ങിപ്പോകുന്നതല്ല സിപിഎം രാഷ്ട്രീയമെന്ന് ശബരിമല കൊള്ള വിഷയത്തിലെ പാരഡി ഗാനത്തെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം മറുപടി നൽകി. മതേതരത്വത്തിനും ആവിഷ്കാര സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടിയിട്ടുള്ളവരാണ് സിപിഎമ്മുകാരെന്നും അദ്ദേഹം പറഞ്ഞു.
Tags : E.P. Jayarajan bomb