കൊച്ചി: ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിൽ സർക്കാർ നിലപാട് സുതാര്യമാകണണമെന്നും ബന്ധപ്പെട്ട പ്രതിനിധികളുമായി ആലോചനായോഗം വിളിക്കണമെന്നും കെആർഎൽസിസി ആവശ്യപ്പെട്ടു.
കമ്മീഷൻ സമർപ്പിച്ചിട്ടുള്ള റിപ്പോർട്ട് അടിയന്തരമായി പ്രസിദ്ധീകരിക്കണം. വിഷയത്തിൽ ക്രൈസ്തവസംഘടനാ നേതാക്കളുമായി ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നുവെങ്കിലും ഇതുവരെ നടന്നിട്ടില്ല. ക്രൈസ്തവരുടെ, പ്രത്യേകിച്ച് ദളിത് ക്രൈസ്തവർ, മത്സ്യത്തൊഴിലാളികൾ, മലയോര കർഷകർ എന്നിവരുടെ പ്രശ്നങ്ങൾ പഠിച്ച് പരിഹാരമാർഗങ്ങൾ നിർദേശിക്കാൻ സർക്കാർ നിയോഗിച്ച കമ്മീഷൻ സർക്കാരിനു റിപ്പോർട്ട് സമർപ്പിച്ചിട്ട് മൂന്നുവർഷം പിന്നിടുന്നു. കമ്മീഷന്റെ 502 ശിപാർശകളിൽ 202 എണ്ണം നടപ്പിലാക്കിയതായി ന്യൂനപക്ഷ മന്ത്രി നിയമസഭയിൽ അവകാശപ്പെടുന്നു. ഇവ ഏതെല്ലാമെന്ന് മന്ത്രി വെളിപ്പെടുത്തണം.
മുഖ്യമന്ത്രിയും മന്ത്രിമാരും ഇതുസംബന്ധിച്ച് വ്യത്യസ്തമായ അവകാശവാദങ്ങളാണ് ഉയർത്തുന്നത്. കേരളത്തിലെ ലത്തീൻ കത്തോലിക്കരും ഇതര ക്രൈസ്തവസമൂഹങ്ങളും നേരിടുന്ന പ്രശ്നങ്ങളുടെ പരിഹാരനിർദേശങ്ങൾ കമ്മീഷൻ സമർപ്പിച്ചിട്ടുണ്ടെന്നും കെആർഎൽസിസി വ്യക്തമാക്കി.
എറണാകുളത്ത് നടന്ന സമ്മേളനത്തിൽ പ്രസിഡന്റ് ആർച്ച്ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, ജനറൽ സെക്രട്ടറി റവ. ഡോ. ജിജു ജോർജ് അറക്കത്തറ, കെഎൽസിഎ പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ്, കെസിവൈഎം ലാറ്റിൻ പ്രസിഡന്റ് പോൾ ജോസ്, കെഎൽസിഡബ്ല്യുഎ പ്രസിഡന്റ് ഷേർളി സ്റ്റാൻലി തുടങ്ങിയവർ പ്രസംഗിച്ചു.
കെആർഎൽസിസിയുടെ രജതജൂബിലി ആഘോഷങ്ങൾ മേയ് 17ന് ഉദ്ഘാടനം ചെയ്യും. 23ന് ലത്തീൻ കത്തോലിക്ക മഹാസംഗമത്തോടെ സമാപിക്കും.
ലത്തീൻ കത്തോലിക്ക ജനസമൂഹത്തിന്റെ സമഗ്രമായ പുരോഗതി ലക്ഷ്യമാക്കി ദശവത്സര പദ്ധതിക്കും കെആർഎൽസിസി രൂപം നൽകുമെന്നും സഭാവക്താവ് ജോസഫ് ജൂഡ് അറിയിച്ചു.
Tags : CM meeting J.B. Koshy Commission Report KRLCC