കൊച്ചി: ജെ.ബി.കോശി കമ്മീഷന് റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്താതെ, നിര്‍ദേശങ്ങള്‍ നടപ്പിലാക്കിയെന്നു പറയുന്ന മുഖ്യമന്ത്രി അടുത്തമാസം ചര്‍ച്ച നടത്തുമെന്ന് പറയുന്നത് തെരഞ്ഞെടുപ്പുതന്ത്രം മാത്രമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് കേന്ദ്രസമിതി.
സര്‍ക്കാര്‍ നിലപാട് ആത്മാര്ഥതയുള്ളതാണെങ്കില് എത്രയും വേഗം റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം പ്രസിദ്ധപ്പെടുത്തുകയും അതിന്മേല് പഠനങ്ങളും വിശകലനങ്ങളും നടത്താന്‍ സമുദായനേതൃത്വത്തിന് അവസരം നല്‍കുകയും ചെയ്യണം. അതിന്റെ അടിസ്ഥാനത്തില്‍ ശിപാര്ശകളിന്മേല് മുന്‍ഗണന നിശ്ചയിച്ച് ആവശ്യമായ തുക ബജറ്റിലൂടെതന്നെ വകയിരുത്തി സമയബന്ധിതമായി നടപ്പിലാക്കുന്നതിനുള്ള പ്രായോഗിക നടപടികള്‍ സ്വീകരിക്കുകയാണു വേണ്ടത്.
ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ 80 : 20 അനുപാതത്തിലെ അനീതി തിരുത്തി ജനസംഖ്യാനുപാതികമാക്കണമെന്നുള്ള ഹൈക്കോടതിവിധി അംഗീകരിക്കാതെ സുപ്രീംകോടതിയില്‍ അപ്പീലിനു പോയതുപോലെയും ഭിന്നശേഷി സംവരണത്തിന്റെ പേരില്‍ ക്രൈസ്തവവിദ്യാലയങ്ങളിലെ അധ്യാപകനിയമനങ്ങള്‍ അംഗീകരിക്കാതിരിക്കുന്നതുപോലെയും ഗുരുതരമായ ക്രൈസ്തവവിരുദ്ധ സമീപനത്തിന്റെ മറ്റൊരു ഉദാഹരണം കൂടിയാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്താതെ പുകമറ സൃഷ്ടിക്കുന്ന സര്‍ക്കാര്‍ നിലപാടും. അതുകൊണ്ടു തന്നെ പ്രസക്തി ഇല്ലാത്ത ചര്‍ച്ചയിൽ പങ്കെടുക്കണമോയെന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. ഈ വിഷയങ്ങളില്‍ പ്രതിപക്ഷ രാഷ്ട്രീയപാര്‍ട്ടികളുടെ മൗനം സംശയാസ്പദമാണ്.
നിലപാട് വ്യക്തമാക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളും തയാറാകണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് കേന്ദ്ര സമിതി ആവശ്യപ്പെട്ടു.
പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിലിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തിൽ ഡയറക്ടര്‍ ഫാ.ഡോ. ഫിലിപ്പ് കവിയില്‍, ജനറല്‍ സെക്രട്ടറി ഡോ. ജോസ്കുട്ടി ജെ. ഒഴുകയില്‍, ട്രഷറര്‍ അഡ്വ. ടോണി പുഞ്ചക്കുന്നേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Tags : Catholic Congress Justice J.B. Koshy Commission report