കോഴിക്കോട്: ജല്‍ജീവന്‍ മിഷന് പദ്ധതിയുടെ ഭാഗമായി പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനായി വെട്ടിപ്പൊളിച്ച റോഡുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് നിര്‍ദേശം നല്കി.
റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി തദ്ദേശ സ്ഥാപനങ്ങള്‍ തങ്ങളുടെ വികസന ഗ്രാന്റ്, മെയിന്റനന്‍സ് ഗ്രാന്റ് അല്ലെങ്കില്‍ കേന്ദ്ര ധനകാര്യ കമ്മീഷന് ഗ്രാന്റ് എന്നിവ മുന്‍കൂറായി ഉപയോഗിക്കണമെന്നാണു നിര്‍ദേശം.
റോഡ് പുനരുദ്ധാരണത്തിനായി ചെലവാക്കുന്ന തുക മൂന്നു മാസത്തിനകം ജല്‍ ജീവന് മിഷന് പദ്ധതിയില്‍നിന്ന് പഞ്ചായത്തുകള്‍ക്കു തിരികെ അനുവദിക്കും. വാട്ടര്‍ അഥോറിറ്റി മുഖേന സംസ്ഥാനതല നോഡല്‍ ഏജന്‍സി വഴിയാണു തുക കൈമാറുക. റോഡ് നന്നാക്കേണ്ടത് ജല അഥോറിറ്റിയാണെന്നു പറഞ്ഞ് പൊതുമരാമത്ത് വകുപ്പും തദ്ദേശസ്ഥാപനങ്ങളും ഒഴിഞ്ഞുമാറുന്ന സാഹചര്യത്തിലാണ് ഈ വിഷയത്തില്‍ വ്യക്തത വരുത്തിയിരിക്കുന്നത്.
നിലവില്‍ പൈപ്പിടല്‍ പൂര്‍ത്തിയാകുകയോ പുരോഗമിക്കുകയോ ചെയ്യുന്ന റോഡുകള്‍ സംസ്ഥാനതല നോഡല്‍ ഏജന്‍സി മുഖേന അന്തിമ വെണ്ടറായി മാപ്പ് ചെയ്യണമെന്നും നിര്‍ദേശമുണ്ട്. പൊതുജനങ്ങളുടെ യാത്രാക്ലേശം പരിഗണിച്ച് റോഡുകള്‍ പൂര്‍വസ്ഥിതിയിലാക്കുന്ന പ്രക്രിയ വൈകരുതെന്നും തദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി തദ്ദേശ സ്ഥാപനങ്ങള്‍ക്കു പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പൈപ്പ്ലൈന് സ്ഥാപിക്കുന്നതിനായി കേരളത്തില്‍ വെട്ടിപ്പൊളിച്ച ഗ്രാമീണ റോഡുകള്‍ അറ്റകുറ്റപ്പണി നടത്തി പൂര്‍വസ്ഥിതിയിലാക്കാന്‍ നടപടി വൈകുന്നതില്‍ വ്യാപക പ്രതിഷേധമുയരുന്ന സാഹചര്യത്തിലാണു തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഇടപെടല്‍. കരാറുകാര്‍ക്കുള്ള കുടിശികയും ജല അഥോറിറ്റിയും തദ്ദേശസ്ഥാപനങ്ങളും തമ്മിലുള്ള ഉത്തരവാദിത്വ തര്‍ക്കവുമാണു റോഡുകള്‍ നന്നാക്കാത്തതിനു പ്രധാന കാരണം.
പല ജില്ലകളിലും കുഴികള്‍ അപകടകാരികളായി മാറിയിട്ടുണ്ട്. ജലജീവന്‍ പദ്ധതിയില്‍ റോഡ് പുനരുദ്ധാരണം കരാറുകാരുടെ ഉത്തരവാദിത്വമാണെങ്കിലും കോടികളുടെ കുടിശിക കാരണം അറ്റകുറ്റപ്പണി മുടങ്ങുകയാണ്.
റോഡ് നന്നാക്കുന്നതില്‍ ജല അഥോറിറ്റിയും പൊതുമരാമത്ത് വകുപ്പും തദ്ദേശസ്ഥാപനങ്ങളും പരസ്പരം പഴിചാരി ഒഴിഞ്ഞുമാറുന്ന സാഹചര്യത്തിലാണ് പണം തദ്ദേശ സ്ഥാപനങ്ങള്‍ നല്‍കണമെന്നും പിന്നീട് ഈ തുക വാട്ടര്‍അഥോറിറ്റി നല്‍കുമെന്നും തദ്ദേശസ്വയംഭരണ വകുപ്പുതന്നെ അറിയിച്ചിരിക്കുന്നത്.
Tags : Jaljeevan Mission Roads cut off reconstruction work wartime conditions road maintenance Water Authority