ആലുവ: ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് - 2 തസ്തികയിലെ ഒഴിവുകളിലേക്ക് പിഎസ്സി റാങ്ക് ലിസ്റ്റിൽനിന്ന് നിയമനം നടത്താൻ വീണ്ടും തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറുടെ നിർദേശം.
പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷനുകളിലെ ഒഴിവുകൾ പിഎസ്സിയിലേക്കു റിപ്പോർട്ട് ചെയ്യാതെ താത്കാലിക നിയമനം നടത്തുന്നുവെന്ന ഉദ്യോഗാർഥികളുടെ പരാതിയെത്തുടർന്നാണ് വീണ്ടും കത്തയച്ചിരിക്കുന്നത്.
ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് - 2 റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം നടത്തുന്നതിനു പിഎസ്സിക്ക് അടിയന്തിരമായി റിപ്പോർട്ട് ചെയ്യണമെന്നു തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ഡയറക്ടർ കഴിഞ്ഞ നവംബറിലാണ് അവസാന നിർദേശം നൽകിയത്. എന്നാൽ, തദ്ദേശ തെരെഞ്ഞെടുപ്പ് കാലമായതിനാൽ പലരും അപൂർണമായാണ് പ്രപ്പോസൽ നൽകിയത്. ഭരണസമിതി മാറിയതിനാൽ അതിനു സാധുതയും നഷ്ടമായി.
അതിനാൽ തസ്തിക രൂപവത്കരണ നിർദേശം വീണ്ടും അതാത് ജില്ലാ ജോയിന്റ് ഡയറക്ടർമാർക്കു സമർപ്പിക്കാനാണ് തദ്ദേശ വകുപ്പ് നിർദേശം. പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് 2 തസ്തികയുടെ നിയമനാധികാരി തദ്ദേശ സ്വയംഭരണ വകുപ്പിലെ അതത് ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയമാണ്.
എന്നാൽ, പിഎസ്സിയെ അറിയിക്കാതെ താത്കാലിക തസ്തിക എന്ന പേരിൽ ഇഷ്ടക്കാർക്കു കാലാവധി നീട്ടി നൽകുകയാണെന്നാണ് ആരോപണം.
Tags : Junior Health Inspector temporary appointments