കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ ഇനി മത്സരിക്കാനില്ലെന്ന് മുൻ മന്ത്രിയും തൃപ്പൂണിത്തുറ എംഎൽഎയുമായ കെ. ബാബു. എറണാകുളം ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസിനും മറ്റു നേതാക്കൾക്കുമൊപ്പം ഡിസിഡി ഓഫിസിലെത്തിയായിരുന്നു ബാബുവിന്റെ പ്രഖ്യാപനം.
താൻ മത്സരിക്കുന്നില്ലെങ്കിലും തൃപ്പൂണിത്തുറ മണ്ഡലം യുഡിഎഫ് നിലനിർത്തുമെന്നും മികച്ച സ്ഥാനാർഥിയെ പാർട്ടി നേതൃത്വം പ്രഖ്യാപിക്കുമെന്നും കെ. ബാബു വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ബാബു തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്നു നേരത്തെ പ്രചാരണം ഉണ്ടായിരുന്നെങ്കിലും ഇപ്പോഴാണ് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുന്നത്. പിൻഗാമിയെ നിർദേശിക്കാനില്ലെന്നും ബാബു വ്യക്തമാക്കി.
ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ബാർ കോഴ ആരോപണം ഉയരുമ്പോൾ എക്സൈസ് വകുപ്പ് കൈകാര്യം ചെയ്തിരുന്ന മന്ത്രിയായിരുന്ന കെ. ബാബു. തൊട്ടുപിന്നാലെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം നേതാവ് എം.സ്വരാജിനോട് തൃപ്പൂണിത്തുറയിൽ പരാജയപ്പെടുകയും ചെയ്തു. എന്നാൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സ്വരാജിനെ തന്നെ വീഴ്ത്തിയാണ് അദ്ദേഹം ഒരിക്കൽ കൂടി നിയമസഭയിൽ എത്തിയത്.
തൃപ്പൂണിത്തുറയിലെ തെരഞ്ഞെടുപ്പ് വിധി ചോദ്യം ചെയ്ത് ഇടത് സ്ഥാനാർഥി കോടതിയെ സമീപിച്ചെങ്കിലും കെ. ബാബുവിന്റെ വിജയം കോടതി ഒടുവിൽ അംഗീകരിക്കുകയായിരുന്നു.
Tags : K. Babu MLA contest Assembly elections