തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റായി കെ. ജയകുമാർ ഐഎഎസിനെ നിയമിച്ചുകൊണ്ട് സർക്കാർ ഉത്തരവ് പുറത്തിറക്കി. രണ്ട് വർഷത്തേക്കാണ് നിയമനം. അടുത്ത വെള്ളിയാഴ്ച മുതൽ നിയമന ഉത്തരവ് പ്രാബല്യത്തിൽ വരും.
ബോർഡ് മെമ്പറായി കെ. രാജുവിനെ നിയമിച്ചുള്ള ഉത്തരവും പുറത്തിറങ്ങി. മുഖ്യമന്ത്രിയാണ് കെ. ജയകുമാറിന്റെ പേര് നിര്‍ദേശിച്ചതെന്നാണ് സൂചന.
സ്വര്‍ണക്കൊള്ളയില്‍ നിലവിലെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തുള്‍പ്പെടെ സംശയ നിഴലില്‍ നില്‍ക്കുമ്പോഴാണ് സർക്കാർ ജയകുമാറിനെ പുതിയ പ്രസിഡന്റായി നിയമിക്കുന്നത്.
ശബരിമലയിലെ സ്പെഷല്‍ കമ്മീഷണര്‍ അടക്കമുള്ള സുപ്രധാന പദവികളും ജയകുമാര്‍ വഹിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറി സ്ഥാനം കൂടാതെ ടൂറിസം സെക്രട്ടറി, തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല വൈസ് ചാന്‍സലര്‍, കേരള സ്റ്റേറ്റ് ഫിലിം ഡവലപ്മെന്റ് കോര്പറേഷന് എംഡി, എംജി യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ തുടങ്ങി നിരവധി പദവികള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്. കൂടാതെ എഴുത്തുകാരനും ചലച്ചിത്ര ഗാനരചയിതാവുമാണ്.
Tags : travancore devaswom board president k jayakumar ias kerala government order