ചങ്ങനാശേരി: കെ-റെയിലിന്റെ സില്‍വര്‍ലൈന്‍ പദ്ധതി സംബന്ധിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെയും എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്റെയും പ്രസ്താവനകളുടെ പശ്ചാത്തലത്തില്‍ സമരസമിതി ഉണരാന്‍ തയാറെടുക്കുന്നു.
പ്രതിഷേധങ്ങൾ കടുപ്പിക്കാനാണ് സില്‍വര്‍ലൈന്‍ വിരുദ്ധസമരസമിതിയുടെ തീരുമാനം. പദ്ധതിയില്‍ ഇനി പ്രതീക്ഷ വച്ചിട്ടു കാര്യമില്ലെന്നു പറഞ്ഞ മുഖ്യമന്ത്രി പദ്ധതി ആകെ ഉപേക്ഷിക്കുന്നുവെന്ന് അര്‍ഥമില്ലെന്നും ചൂണ്ടിക്കാട്ടി. കണ്ണൂര്‍ പ്രസ് ക്ലബ്ബിലെ മീറ്റ് ദ പ്രസ് പരിപാടിയിലാണ് മുഖ്യമന്ത്രി ഇങ്ങെനെ പറഞ്ഞത്.
അതിവേഗ റെയില്‍യാത്രാ പദ്ധതിയായ സില്‍വര്‍ലൈനുമായി മുമ്പോട്ടു പോകാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനമെന്നാണ് എല്‍ഡിഎഫ് കണ്‍വീനര്‍ പ്രതികരിച്ചത്.
തിരുവനന്തപുരം മുതല്‍ കാസര്ഗോഡുവരേയുള്ള 530 കിലോമീറ്റര്‍ പാതയ്ക്ക് 63,941കോടി രൂപയുടെ പദ്ധതിയാണ് കേരളസര്‍ക്കാര്‍ വിഭാവനം ചെയ്തത്. പദ്ധതി പ്രഖ്യാപിച്ചതുമുതല്‍ സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരേ കേരളത്തിലെ വിവിധ ജില്ലകളില്‍ ഒട്ടേറെ സമരങ്ങളാണ് നടന്നത്.
ഇതില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത് ചങ്ങനാശേരി മാടപ്പള്ളിയിൽ 1320 ദിവസമായി നടന്നുവരുന്ന സമരപരമ്പരയാണ്. 2022 ഏപ്രില്‍ ഇരുപതിനാണ് മാടപ്പള്ളിയില്‍ സമരം തുടങ്ങിയത്. കോഴിക്കോട് കാട്ടിള പീടികയിലെ സില്‍വര്‍ലൈന്‍ സമരം 2021 ഒക്ടോബര്‍ രണ്ടിനാണ് ആരംഭിച്ചത്.
Tags : K Rail Silverline Anti-Silverline campaign committee Pinaray vijayan