തിരുവനന്തപുരം: സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനങ്ങള്‍ക്കും സ്ഥാനക്കയറ്റത്തിനും കെ- ടെറ്റ് യോഗ്യത ബാധകമാക്കിയ സുപ്രീം കോടതി വിധിക്കെതിരെ പുനഃപരിശോധന ഹര്‍ജി നല്‍കി കേരളം.
കേരളത്തിലെ വിദ്യാഭ്യാസ മേഖലയുടെ പ്രത്യേകതകളും അധ്യാപകരുടെ പ്രായോഗിക ബുദ്ധിമുട്ടുകളും കണക്കിലെടുത്ത് വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി നൽകിയിരിക്കുന്നതെന്ന് പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
നിലവിലെ വിധി നടപ്പിലാക്കിയാൽ സംസ്ഥാനത്തെ ഏകദേശം 50,000-ത്തോളം അധ്യാപകരുടെ ജോലിയെ അത് ബാധിക്കാൻ സാധ്യതയുണ്ട്. വർഷങ്ങളായി സേവനമനുഷ്ഠിക്കുന്ന അധ്യാപകരെ സംരക്ഷിക്കേണ്ടത് സർക്കാരിന്‍റെ ഉത്തരവാദിത്തമാണ്. കെ-ടെറ്റ് നിലവിൽ വരുന്നതിന് മുൻപ് തന്നെ കേരളം വിദ്യാഭ്യാസ നിലവാരത്തിലും സാക്ഷരതയിലും രാജ്യത്ത് ഒന്നാമതാണ്. അതിനാൽ തന്നെ, കെ-ടെറ്റ് ഇല്ലാത്ത അധ്യാപകർ യോഗ്യരല്ല എന്ന വാദം കേരളത്തിന്‍റെ സാഹചര്യത്തിൽ നിലനിൽക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
2012ൽ കെ-ടെറ്റ് നടപ്പിലാക്കുന്നതിന് മുൻപ് സർവീസിൽ പ്രവേശിച്ചവർക്ക് അക്കാലത്ത് ഈ യോഗ്യത നേടാനുള്ള അവസരം ഉണ്ടായിരുന്നില്ല. അതിനാൽ, 2012 മാർച്ച് 31-ന് മുൻപ് സർവീസിൽ പ്രവേശിച്ച അധ്യാപകർക്ക് കെ-ടെറ്റ് നിർബന്ധമാക്കരുത് എന്നും, വിരമിക്കൽ വരെ തുടരാൻ അനുവദിക്കണമെന്നും സർക്കാർ ആവശ്യപ്പെടുന്നു.
NET, SET, Ph.D തുടങ്ങിയ ഉന്നത യോഗ്യതകൾ ഉള്ള അധ്യാപകർക്ക് കെ-ടെറ്റിൽ നിന്നും സ്ഥിരമായി ഇളവ് നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ സർവീസിലുള്ള അധ്യാപകർക്ക് പ്രൊമോഷൻ ലഭിക്കുന്നതിന് കെ-ടെറ്റ് തടസമാകുന്ന സാഹചര്യം ഒഴിവാക്കണം. 2010-ലെ നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എഡ്യുക്കേഷൻ വിജ്ഞാപനത്തിന് മുൻപ് നിയമിതരായവർക്ക് സ്വാഭാവിക നീതി നിഷേധിക്കുന്നതാണ് നിലവിലെ വിധി.
അധ്യാപകരുടെ ആശങ്കകൾ പരിഹരിക്കുന്നതിനും കേരളത്തിന്‍റെ പൊതുവിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം നിലനിർത്തുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ഈ റിവ്യൂ ഹർജിയിലൂടെ അധ്യാപകർക്ക് അനുകൂലമായ വിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പൊതുവിദ്യാഭ്യാസ മന്ത്രി അറിയിച്ചു.
കേരളത്തിന്‍റേതടക്കം ആറ് റിവ്യൂ ഹർജികളാണ് നിലവിൽ കോടതിയുടെ പരിഗണനയിലുള്ളത്. വിധിയുടെ പശ്ചാത്തലത്തിൽ അധ്യാപകർക്ക് കെ-ടെറ്റ് നിർബന്ധമാക്കി സർക്കാർ നേരത്തെ ഉത്തരവിറക്കിയിരുന്നു. എന്നാൽ അധ്യാപക സംഘടനകളുടെ ശക്തമായ പ്രതിഷേധത്തെത്തുടർന്ന് ഈ ഉത്തരവ് താത്കാലികമായി മരവിപ്പിച്ചുകൊണ്ട് ശനിയാഴ്ച സർക്കാർ പുതിയ ഉത്തരവിറക്കുകയായിരുന്നു.
Tags : K-TET verdict Kerala review petition