കൊച്ചി: കളമശേരി മണ്ഡലം പൂര്‍ണമായും സിപിആര്‍ സാക്ഷരത കൈവരിക്കുന്ന മണ്ഡലമായി മാറ്റുമെന്ന് മന്ത്രി പി. രാജീവ്. കുഴഞ്ഞുവീഴുന്ന മരണങ്ങള്‍ കൂടുന്ന സാഹചര്യത്തിലാണ് പൂര്‍ണമായും സിപിആര്‍ സാക്ഷരത ഉറപ്പാക്കാന്‍ ഒരുങ്ങുന്നതെന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഒപ്പം പദ്ധതിയുടെ ഭാഗമായാണ് ഇത് പ്രഖ്യാപിച്ചത്.
കോളജുകള്‍, സ്‌കൂളുകള്‍, ജംഗ്ഷനുകള്‍, ഓട്ടോ, ടാക്‌സി തൊഴിലാളികള്‍, വ്യാപാരികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങി എല്ലാവര്‍ക്കും സിപിആര്‍ നല്‍കാനുള്ള പരിശീലനം ഒരുക്കും. പൂര്‍ണമായും അതില്‍ സാക്ഷരത നല്‍കാനാണ് ശ്രമമെന്നും മന്ത്രി പറഞ്ഞു.
അതേസമയം ഒപ്പം സൂപ്പര്‍ സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പിന്‍റെ ഭാഗമായി ഈ മാസം 25ന് ക്യാമ്പിന്‍റെ അഞ്ചാം പതിപ്പ് സംഘടിപ്പിക്കും. കളമശേരി സമ്ര കണ്‍വന്‍ഷന്‍ സെന്‍ററില്‍ രാവിലെ എട്ട് മുതല്‍ ഉച്ചക്ക് ഒന്നു വരെയാണ് ക്യാമ്പ് നടക്കുക. സ്തനാര്‍ബുദ പരിശോധന, ഹൃദ്രോഗ പരിശോധന, നേത്ര, ദന്ത, കേള്‍വി പരിശോധന എന്നിവക്കായി വിപുല സൗകര്യങ്ങള്‍ ക്യാമ്പില്‍ ഒരുക്കിയിട്ടുണ്ട്.
ഇസിജി, എക്കോ ഉള്‍പ്പെടെയുള്ള പരിശോധനകളും സൗജന്യമായി നല്‍കും. നേത്ര, ദന്ത, കേള്‍വി പരിശോധനക്കുള്ള സൗകര്യവും ക്യാമ്പിലുണ്ടാവും. ദന്തല്‍ കോളജുകളുടെ മൊബൈല്‍ ചികിത്സാ ബസുകളും ക്യാമ്പില്‍ ഒരുക്കുന്നുണ്ട്. 250ല്‍ അധികം ഡോക്ടര്‍മാര്‍ ക്യാമ്പിന്‍റെ ഭാഗമാകും.