ഇരിട്ടി: ആറളം പഞ്ചായത്തിലെ കല്ലറയിൽ ബിഎൽഒയെയും സുഹൃത്തിനെയും തടഞ്ഞുനിർത്തി മർദിച്ചതായി പരാതി. പേരാവൂർ നിയോജക മണ്ഡലത്തിലെ ബൂത്ത് 89 എസ്ഐആർ ഫോമുകൾ വിതരണം നടത്തിക്കൊണ്ടിരുന്ന ബിഎൽഒ ചെടിക്കുളം സ്വദേശി അജയ്, സുഹൃത്ത് സുബിൻ എന്നിവർക്കാണ് മർദ്ദനമേറ്റത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 ഓടെ ആയിരുന്നു സംഭവം. വാഹനം നിർത്തി അജയ്‌യും സുഹൃത്തും ഫോം വാങ്ങാനായി സമീപത്തെ വീട്ടിലേക്ക് പോകാൻ ശ്രമിക്കുമ്പോൾ വഴിയിൽ നിന്നിരുന്ന മുൻപരിചയം ഇല്ലാത്ത വ്യക്തി വാഹനം നിർത്തിയതിനെ ചോദ്യം ചെയ്യുകയും തടഞ്ഞുനിർത്തി ആക്രമിക്കുകയും കേട്ടാലറയ്ക്കുന്ന ഭാഷയിൽ ചീത്ത വിളിക്കുകയും ചെയ്തെന്നാണ് പരാതി.
സർക്കാർ ജോലിക്കാരാണെന്നും ബിഎൽഒ ആണെന്നും ഡ്യൂട്ടിയുടെ ഭാഗമായി എത്തിയതാണെന്നും പറഞ്ഞിട്ടും ഇയാൾ മർദിക്കുകയായിരുന്നുവെന്നാണ് ആറളം ഇരിട്ടി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.
കൃത്യനിർവഹണം ഉൾപ്പെടെ തടസപ്പെടുത്തിയത് ഉൾപ്പെടെ വകുപ്പുകൾ ചുമത്തി ആറളം പോലീസ് കേസെടുത്തു. കളരിക്കാട് സ്വദേശിയായ പ്രതിയെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.
Tags : Kannur Aralam BLO Attack