തൃശ്ശൂർ: കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് സമ്പൂർണ വിജയം. ആകെയുള്ള 13 സീറ്റുകളിലും എൽഡിഎഫ് സ്ഥാനാർത്ഥികൾ വിജയിച്ചു. പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ബാങ്കിൽ ഭരണസമിതി തെരഞ്ഞെടുപ്പ് നടന്നത്. 3033 വോട്ടുകൾ പോൾ ചെയ്തതിൽ 1733 പാനൽ വോട്ടുകൾ എൽഡിഎഫ് സ്വന്തമാക്കി.
രണ്ട് അംഗങ്ങൾ നേരത്തെ തന്നെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ബാക്കിയുള്ള 11 സീറ്റുകളിലേക്കായിരുന്നു വോട്ടെടുപ്പ് നടന്നത്. വോട്ടെണ്ണൽ ഫലം പുറത്തുവന്നതോടെ സിപിഎം പ്രവർത്തകർ വോട്ടെണ്ണൽ നടന്ന സ്കൂളിന് മുന്നിൽ പ്രകടനം നടത്തി. വിവാദങ്ങളെ അതിജീവിച്ച് നേടിയ ഈ വിജയം യുഡിഎഫിനും ബിജെപിക്കുമുള്ള തിരിച്ചടിയാണെന്നാണ് നേതാക്കൾ പ്രതികരിച്ചത്.
നിക്ഷേപകരുടെ വിശ്വാസം സംരക്ഷിക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകുമെന്നും പാർട്ടി നേതൃത്വം വ്യക്തമാക്കി. യുഡിഎഫ് തെരഞ്ഞെടുപ്പിൽ നിന്നും വിട്ടുനിന്ന സാഹചര്യത്തിലായിരുന്നു വോട്ടെടുപ്പ്. ഒരു സീറ്റിൽ പോലും മത്സരിക്കാൻ യുഡിഎഫ് തയ്യാറാകാതിരുന്ന സാഹചര്യത്തിൽ സിപിഎമ്മും ബിജെപിയും തമ്മിലായിരുന്നു മത്സരം. പതിനൊന്ന് സീറ്റുകളിലും ബിജെപി സ്ഥാനാർഥികൾ മത്സരിച്ചിരുന്നു.
Tags : Karuvannur Bank