കൊച്ചി: ലോകബാങ്ക് സഹായത്തോടെ കൃഷിവകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന അഗ്രി നെക്സ്റ്റ് സമ്മിറ്റ്-2026 കൊച്ചി ഡിജിറ്റൽ ഹബ്ബിൽ നാളെ നടക്കും.
പുത്തൻ സാങ്കേതികവിദ്യാ സങ്കേതങ്ങൾ ഉൾപ്പെടുത്തി സംസ്ഥാനത്തെ കാർഷികമേഖലയെ ആധുനികവത്കരിക്കുന്നതിനായുള്ള നൂതന പദ്ധതികൾ ആവിഷ്കരിക്കുന്നതിനാണ് കേരള സ്റ്റാർട്ടപ്പ് മിഷന്റെ സഹകരണത്തോടെ സമ്മിറ്റ് നടത്തുന്നത്.
കർഷകർ, കാർഷികോത്പാദന കമ്പനികൾ, കാർഷിക സ്റ്റാർട്ടപ്പുകൾ, സംരംഭകർ, സർക്കാർ ഏജൻസികൾ എന്നിവർ തമ്മിൽ നേരിട്ടുള്ള ചർച്ചകൾക്കു സമ്മിറ്റിൽ അവസരമൊരുങ്ങും.
ഡിജിറ്റൽ കൃഷി, നിർമിത ബുദ്ധി, ഇന്റർനെറ്റ് ഓഫ് തിങ്സ്, കാർഷിക യന്ത്രവത്കരണവും ഓട്ടോമേഷനും, ഭക്ഷ്യസംസ്കരണവും മൂല്യവർധിത കാർഷിക സംരംഭങ്ങളും, വിപണനം, കയറ്റുമതി, കർഷകസംരംഭങ്ങൾ, മറ്റു കാർഷിക അനുബന്ധ വിഷയങ്ങൾ എന്നിവയിലായിരിക്കും പ്രധാന ചർച്ചകൾ.
അമ്പതിലധികം ധാരണാപത്രങ്ങളും സാങ്കേതികവിദ്യാ കൈമാറ്റ കരാറുകളും സമ്മിറ്റിൽ ഒപ്പുവയ്ക്കും.
Tags : Agri Next Summit Kochi Kerala startup Mission