തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, രണ്ടാം പിണറായി വിജയന് സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ്ണ ബജറ്റ് ഇന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിക്കും. രാവിലെ ഒന്‍പത് മണിക്കാണ് ബജറ്റ് അവതരണം ആരംഭിക്കുക. നിയമസഭയുടെ കാലാവധി മേയ്യില്‍ അവസാനിക്കാനിരിക്കെ, സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഈ ബജറ്റ് ഏറെ നിര്‍ണായകമാണ്.
നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ക്ഷേമ പദ്ധതികൾക്കും വികസന പ്രവർത്തനങ്ങൾക്കും മുൻഗണന നൽകുന്ന ഒരു 'ജനപ്രിയ' ബജറ്റായിരിക്കും ഇതെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്. നിലവിൽ 2000 രൂപയായി ഉയർത്തിയ സാമൂഹ്യ സുരക്ഷാ പെൻഷൻ 2,500 രൂപയായി വർദ്ധിപ്പിക്കാനുള്ള പ്രഖ്യാപനം ബജറ്റിലുണ്ടായേക്കും. എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണിത്.
സർക്കാർ ജീവനക്കാർക്ക് കുടിശികയുള്ള ക്ഷാമബത്ത ഗഡുക്കളിൽ പകുതിയെങ്കിലും അനുവദിക്കുമെന്നും ശമ്പള പരിഷ്കരണത്തിനുള്ള പ്രഖ്യാപനം ഉണ്ടാകുമെന്നും ജീവനക്കാർ പ്രതീക്ഷിക്കുന്നു.വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തോടനുബന്ധിച്ചുള്ള ഇൻഡസ്ട്രിയൽ കോറിഡോർ, കെ-ഫോൺ രണ്ടാം ഘട്ടം തുടങ്ങിയ പദ്ധതികൾക്ക് കൂടുതൽ തുക വകയിരുത്തിയേക്കാം.
കേന്ദ്രത്തിൽ നിന്നുള്ള സാമ്പത്തിക വിഹിതം കുറഞ്ഞ പശ്ചാത്തലത്തിലും നികുതിയിതര വരുമാനം വർദ്ധിപ്പിക്കാനുള്ള മാർഗങ്ങൾ ബജറ്റിൽ നിർദ്ദേശിച്ചേക്കാം. എന്നാൽ തെരഞ്ഞെടുപ്പ് വർഷമായതിനാൽ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വലിയ നികുതി വർദ്ധനകൾക്ക് സാധ്യത കുറവാണ്.
ഉന്നത വിദ്യാഭ്യാസം, ആരോഗ്യം, തീരദേശ വികസനം എന്നീ മേഖലകൾക്ക് പ്രത്യേക പാക്കേജുകൾ പ്രതീക്ഷിക്കുന്നു. സാമ്പത്തിക അവലോകന റിപ്പോർട്ട് പ്രകാരം സംസ്ഥാനം 6.19 ശതമാനം വളർച്ച രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും റവന്യൂ വരുമാനത്തിലെ കുറവ് സർക്കാരിന് വെല്ലുവിളിയാണ്. ഈ പ്രതിസന്ധിക്കിടയിലും ജനക്ഷേമം ഉറപ്പാക്കുക എന്ന വലിയ ദൗത്യമാണ് ഈ ബജറ്റിലൂടെ ധനമന്ത്രി ലക്ഷ്യമിടുന്നത്.
Tags : Kerala Budget Balagopal Budget announcements