കൊച്ചി: സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത. ഇന്നും ബുധൻ, ശനി ദിവസങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ട്.
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
അടുത്ത രണ്ടു മണിക്കൂറിൽ സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കന്യാകുമാരി കടലിന് മുകളിലായി ന്യൂനമർദം നിലനിൽക്കുന്നുണ്ട്. ശനിയാഴ്ചയോടെ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ പുതിയ ന്യൂനമർദം രൂപപ്പെടാനും തുടർന്നുള്ള 48 മണിക്കൂറിൽ ഇത് കൂടുതൽ ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്.
അതേസമയം, കേരള - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും ബുധനാഴ്ചയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കർണാടക തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇന്നും ബുധനാഴ്ചയും തെക്കൻ കേരള തീരത്തും ലക്ഷദ്വീപ് പ്രദേശങ്ങളിലും മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
ഇന്ന് തമിഴ്നാട് തീരം, ഗൾഫ് ഓഫ് മന്നാർ, കന്യാകുമാരി പ്രദേശം, തെക്കൻ ആന്ധ്രാ പ്രദേശ് തീരം, അതിനോട് ചേർന്ന സമുദ്ര ഭാഗങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
Tags : Kerala rains weather update