തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴയ്ക്കു സാധ്യത. പ്രത്യേകിച്ച് ഒരു ജില്ലയിലും മുന്നറിയിപ്പില്ലെങ്കിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ശക്തിപ്പെട്ടേക്കും.
അടുത്ത മൂന്നു മണിക്കൂറിൽ സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ട്.
വെള്ളിയാഴ്ച മുതൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
കന്യാകുമാരി കടലിനു മുകളിലെ ന്യുനമർദ്ദം നിലവിൽ ലക്ഷദ്വീപിനും മാലദ്വീപിനും മുകളിൽ സ്ഥിതി ചെയ്യുന്നു. വരുംമണിക്കൂറുകളിൽ ഇത് പടിഞ്ഞാറ് - വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങാനാണ് സാധ്യത.
തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. ശനിയാഴ്ചയോടെ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിനു മുകളിൽ പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ട്. തുടർന്ന് പടിഞ്ഞാറ് - വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് തിങ്കളാഴ്ചയോടെ തെക്കൻ ബംഗാൾ ഉൾക്കടലിന്റെ മധ്യഭാഗത്ത് തീവ്രന്യൂനമർദമായി ശക്തിപ്പെടാൻ സാധ്യതയുണ്ട്.
തുടർന്നുള്ള 48 മണിക്കൂറിനിടെ, പടിഞ്ഞാറ് - വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വീണ്ടും ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്.
Tags : Kerala rains weather update